മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തനം; മിനിച്ചന്തയും സ്റ്റാളും അടപ്പിച്ചു
text_fieldsനാദാപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തനം ആരംഭിച്ച മിനിച്ചന്തയും സ്റ്റാളും പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർന്നതോടെയാണ് ഗ്രാമപഞ്ചായത്തും പൊലീസും ചേർന്ന് സ്ഥാപനം അടപ്പിച്ചത്. സ്ഥാപന ഉടമയിൽനിന്ന് 5000 രൂപ പിഴയും ഈടാക്കി.
ഒരാഴ്ച മുമ്പാണ് നാദാപുരം മൊയ് ലോത്ത് പറമ്പിൽ ‘മ്മളെ നാദാപുരം’ എന്ന പേരിൽ റമദാൻ മിനിച്ചന്ത ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, പൊലീസ്, ഭക്ഷ്യവകുപ്പ്, ആരോഗ്യ വിഭാഗം എന്നിവയുടെ ലൈസൻസ്, അംഗീകാരം എന്നിവ വാങ്ങാതെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവർത്തനത്തിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള അനുമതിയുണ്ടെന്നായിരുന്നു സ്ഥാപന ഉടമയുടെ വാദം. ആരോഗ്യത്തിന് ഹാനികരമായ രാസപദാർഥങ്ങൾ ചേർത്തുള്ള ന്യൂജൻ ഉൽപന്നങ്ങളും വിവിധ പാനീയങ്ങളുമാണ് ഇവിടെ വിൽപനക്കായി വെച്ചിരുന്നത്.
നോമ്പ് തുറന്ന് പാതിര വരെ വിദ്യാർഥികളടക്കമുള്ളവരുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. സ്ഥാപനത്തിനെതിരെ വ്യാപക പരാതി ഉയർന്നതോടെ പഞ്ചായത്തധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനക്കിടെ ഉപയോഗശൂന്യമായ നിരവധി ഐസ്ക്രീം പാക്കറ്റുകൾ പിടികൂടി.
സ്റ്റാളിലെ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം നശിപ്പിച്ചു. താൽക്കാലിക സ്റ്റാൾ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. പൊലീസ് അനുമതിയില്ലാതെ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ല. പരിശോധനക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.