കാട്ടുപന്നി ആക്രമണം; തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്
text_fieldsകാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ നെരോത്ത് കൊന്നക്കൽ പണ്ടാരപ്പറമ്പിൽ മോഹനനെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് കൊന്നക്കൽ ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊന്നക്കൽ പണ്ടാരപ്പറമ്പിൽ പി.പി. മോഹനനാണ് (54) ആക്രമണത്തിൽ കൈക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാൻ പോയതായിരുന്നു മോഹനൻ.
കാട്ടുപന്നി മോഹനനെ തേറ്റ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മോഹനനെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെരോത്ത് കൊന്നക്കൽ പ്രദേശത്ത് മുമ്പും കാട്ടു പന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റ സംഭവവും കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
മൂന്നു വർഷം മുമ്പ് മങ്ങാട് കൊന്നക്കൽ ഹനീഫയെ (45) പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. കർഷകനായ ഹനീഫ കൊന്നക്കൽ പള്ളിയുടെ അടുത്തുള്ള വാഴത്തോട്ടത്തിൽ കൃഷിപ്പണി എടുക്കുമ്പോഴാണ് ആക്രമണം. ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ഹനീഫക്ക് പരിക്ക് ഭേദമായത്.
ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാടുമൂടിക്കിടക്കുന്ന മേഖലകളിൽ പന്നികള്‍ ക്രമാതീതമായി പെറ്റ് പെരുകിയതിനാല്‍ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ഭയപ്പെടുന്ന അവസ്ഥയാണുള്ളത്.
വിദ്യാർഥികളുൾപ്പെടെ കാട്ടുപന്നിയെ പേടിച്ച് യാത്ര ചെയ്യാൻ ഭയക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവർക്ക് ചികിത്സാച്ചെലവുപോലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ എം. ഹംസ മാസ്റ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

