അണുബാധ ഭീഷണി: മെഡി. കോളജിൽ സന്ദർശക നിയന്ത്രണം തുടരും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സന്ദർശക നിയന്ത്രണം തുടരും. രോഗികളുടെ സുരക്ഷയും ആശുപത്രിയുടെ സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്താൻ വേണ്ടിയാണ് നിയന്ത്രണം തുടരാൻ കഴിഞ്ഞദിവസം സൂപ്രണ്ട് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചത്.
ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ് നിയന്ത്രണം നടപ്പാക്കിയത്. കോവിഡിനുമുമ്പ് ദിവസം രണ്ടുനേരം സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നു. നാലായിരത്തിലേറെ രോഗികളുള്ള ആശുപത്രിയിൽ കൂട്ടിരിപ്പുകാരുൾപ്പെടെ 12000 ത്തോളം പേർ ഉണ്ടാവും. ഇതു കൂടാതെ ഡോക്ടർമാർ ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 15000ത്തിന് താഴെ ആളുകൾ ഒരുസമയം ആശുപത്രിയിലുണ്ടാവും.
ഇതിനുപുറമെ സന്ദർശകർ കൂടി ഏത്തിയാൽ അത് ഏറ്റവും ദോഷം ചെയ്യുക രോഗികൾക്കാണ് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. രോഗിക്ക് അണുബാധയുണ്ടായാൽ മൂന്നുദിവസം ആശുപത്രിയിൽ കഴിയേണ്ട രോഗിക്ക് ഒരാഴ്ച കിടക്കേണ്ട അവസ്ഥയുണ്ട്. ഇത് ആശുപത്രിയിൽ മറ്റു രോഗികൾക്ക് ചികിത്സക്കുള്ള അവസരം ഇല്ലാതാക്കുന്നു. മരുന്നും ചികിത്സയും ഉൾപ്പെടെ സർക്കാറിന് ചെലവു വർധിക്കാനും കാരണമാവുന്നു.
ഇതുകൂടാതെ സാമൂഹികദ്രോഹികൾ സന്ദർശക പാസ് ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. മയക്കുമരുന്നും മദ്യവും കഞ്ചാവും വാർഡുകളിൽ എത്തിക്കുന്ന ഏജന്റുമാർ ഇവിടെയുണ്ട്. വാർഡ് തോറും കയറിയിറങ്ങുന്ന കച്ചവടക്കാരുമുണ്ട്. പുറത്തെ ലാബ് ഏജന്റുമാരും ആക്സിഡന്റ് കേസുകൾ പിടിക്കാൻ വരുന്ന വക്കീൽ ഗുമസ്തൻമാരും വേറെ. ഇതൊക്കെ നിയന്ത്രിക്കാൻ സന്ദർശക പാസ് ഒഴിവാക്കുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് ആശുപത്രി അധികൃതർക്കുള്ളത്.
അതേസമയം, അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ചുവന്ന പാസ് അനുവദിക്കുന്നുണ്ട്. ഈ പാസ് ഉപയോഗിച്ച് അത്യാവശ്യക്കാർക്ക് രോഗികളെ കാണാനുള്ള സൗകര്യം നിലവിലുണ്ട്. ഇത്തരം രോഗികളെ സന്ദർശിക്കാനെത്തുന്നവരോട് അധികൃതർ വിട്ടുവീഴ്ച കാണിക്കുന്നുണ്ട്. പ്രതിദിനം 35 ഓളം ചുവന്ന പാസുകൾ ഇവിടെ അനുവദിക്കുന്നുണ്ട്.
കൂട്ടിരിപ്പുകാർക്കുള്ള പാസ് ഉപയോഗിച്ച് സന്ദർശകർ ഇപ്പോഴും വരുന്നുണ്ട്. മാറി മാറി കൂട്ടിരിപ്പുകാർ വരാൻ പാടില്ലെന്നാണ് ചട്ടം. അണുബാധ സാധ്യത തടയാനാണ് ഇത്തരം നിബന്ധനകൾ.
ആലപ്പുഴ, കൊല്ലം മെഡി. കോളജുകളിൽ സന്ദർശകർക്ക് ദിവസം നിശ്ചിതസമയം അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അതുപോലെ അരമണിക്കൂറെങ്കിലും കോഴിക്കോട് മെഡി. കോളജിലും ഇളവ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പക്ഷേ, മറ്റിടങ്ങളിലേതിനേക്കാൾ മുന്നിരട്ടിയിലേറെയാണ് കോഴിക്കോട് മെഡി. കോളജിലെ രോഗികളുടെ എണ്ണം.
ലോകത്ത് ഏറ്റവും കൂടുതൽ കിടക്കകളുള്ള പത്ത് ആശുപത്രികളിൽ ഒന്നാണ് കോഴിക്കോട് മെഡി. കോളജ് എന്ന് അടുത്ത ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

