ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹോവർ ക്രാഫ്റ്റ് ബേപ്പൂർ പുലിമുട്ട് കടൽത്തീരത്തെത്തി
text_fieldsഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹോവർ ക്രാഫ്റ്റ് ബേപ്പൂർ പുലിമുട്ട് കടൽത്തീരത്ത്
ബേപ്പൂർ: ഇന്ത്യൻ പ്രതിരോധ രംഗത്ത് ചരിത്രം കുറിച്ചു കൊണ്ട് രാജ്യത്ത് തന്നെ ആദ്യമായി നിർമിച്ച തദ്ദേശീയ ഹോവർക്രാഫ്റ്റ് ബേപ്പൂർ പുലിമുട്ട് കടൽത്തീരത്തെത്തി. കരയിലും കടലിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
വായുവിന്റെ സഹായത്തോടെ എയർകുഷൻ ഉപയോഗിച്ച് ഉയർന്നു നിൽക്കുന്നതുകൊണ്ട് കരയിലെ തടസ്സങ്ങളും ചളി നിറഞ്ഞ പ്രദേശങ്ങളും എളുപ്പത്തിൽ മറികടക്കാൻ കഴിയും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റുകൾ പ്രധാനമായും തീരദേശ പട്രോളിംഗിനും, രക്ഷാപ്രവർത്തനങ്ങൾക്കും, ആഴം കുറഞ്ഞ പ്രദേശങ്ങളിലെ നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്. ഹോവർക്രാഫ്റ്റിന്റെ അടിഭാഗത്തുള്ള ശക്തമായ ബ്ലോയറുകൾ വായു നിറച്ച് ഒരു തലയിണ പോലുള്ള എയർകുഷൻ സൃഷ്ടിക്കുന്നു.
ഫ്ലെക്സിബിൾ ആയ സ്കർട്ട് ഉപയോഗിച്ചാണ് ഈ വായു നിലനിർത്തുന്നത്. ഇത് വാഹനത്തെ പ്രതലത്തിന് മുകളിലായി ഉയർത്തി നിർത്തുന്നു.
തൽഫലമായി ഘർഷണം വളരെ കുറവായിരിക്കുകയും, സാധാരണ ബോട്ടുകൾക്ക് എത്താൻ കഴിയാത്ത ചെളി നിറഞ്ഞ പ്രദേശങ്ങൾ, നദീമുഖങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയിലൂടെ പോലും ഈ വാഹനത്തിന് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുകയും ചെയ്യും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇത്തരം സവിശേഷതകൾ പ്രയോജനപ്പെടുത്തി തീരദേശ സുരക്ഷ, അതിവേഗ രക്ഷാപ്രവർത്തനം, ദുരന്ത നിവാരണം എന്നിവക്കാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.
ജൂൺ 18 നാണ് ഈ അത്യാധുനിക ഹോവർക്രാഫ്റ്റ് ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഭാഗമായത്. കേന്ദ്ര സർക്കാരിന്റെ 'ആത്മ നിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൗഗുലെ ഷിപ്പ്‌യാർഡാണ് യു.കെ യിലെ ഗ്രിഫൺ ഹോവർ വർക്കിന്റെ സാങ്കേതിക സഹായത്തോടെ ഇത് ആദ്യമായി ഇന്ത്യയിൽ നിർമിച്ചത്.
നിലവിൽ കോസ്റ്റ് ഗാർഡിന് 12 ഓളം ഹോവർ ക്രാഫ്റ്റുകൾ ഉണ്ടെങ്കിലും എല്ലാം വിദേശ നിർമ്മിതമാണ്.പ്രതിരോധ മന്ത്രാലയം ആറ് തദ്ദേശീയ ഹോവർ ക്രാഫ്റ്റുകൾ നിർമിക്കുന്നതിനായി 387.44 കോടി രൂപയുടെ കരാർ നൽകിയതിൽ ആദ്യമായി നിർമിച്ച എച്ച്-561, എച്ച് 562 എന്നീ രണ്ട് ഹോവർ ക്രാഫ്റ്റ്കളാണ് ഗോവയിൽ നിന്ന് ശനിയാഴ്ച ബേപ്പൂരിൽ എത്തിയത്. മണിക്കൂറിൽ 96 കി.മീറ്റർ വേഗത കൈവരിക്കുന്ന ഇതിന് എട്ട് ടൺ ഭാരം വഹിക്കാനും ഒപ്പം 42 സൈനികരെ ഉൾക്കൊള്ളാനും ശേഷിയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

