മെഡിക്കൽ കോളജിൽ രോഗി കട്ടിലൊടിഞ്ഞ് നിലത്തുവീണു
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കട്ടിലൊടിഞ്ഞ് രോഗി നിലത്തുവീണു. 31ാം വാർഡിൽ രാവിലെ 11ഓടെയാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ വയോധികയാണ് കട്ടിലിന്റെ സ്ക്രൂ ഒടിഞ്ഞ് നിലത്തുവീണത്. ശ്വാസംമുട്ട്, പ്രായാധിക്യം അടക്കമുള്ള അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു ഇവർ. തലയിടിച്ചാണ് ഇവർ വീണതെന്നും പരാതിയുണ്ട്.
മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ വയോധികയെ ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കട്ടിലിന്റെ സ്ക്രൂ ഒടിഞ്ഞതാണ് അപകട കാരണമെന്നാണ് വിവരം. കൂട്ടിരിപ്പുകാരും കട്ടിലിൽ കയറിയിരിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.
രോഗി വീണതിനെതുടർന്ന് ബന്ധുക്കൾ പരിഭ്രാന്തരായി ഓടിയെത്തുകയും ആരോഗ്യ പ്രവർത്തകരുമായി കയർക്കുകയും ചെയ്തെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
എന്നാൽ, രോഗിയുടെ ബന്ധുക്കൾ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആശുപത്രി അധികൃതർ നൽകിയ പരാതി പിൻവലിച്ചെന്നാണ് വിവരം. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് രോഗിയെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.