ആവിക്കൽ തോട് വൃത്തിയാക്കൽ അവസാന ഘട്ടത്തിൽ
text_fieldsആവിക്കൽ തോട് പ്രദേശത്തെ കനാൽ വൃത്തിയാക്കുന്നു
കോഴിക്കോട്: ആവിക്കൽ തോട് നവീകരണത്തിന്റെ ഭാഗമായുള്ള മാലിന്യം നീക്കൽ 80 ശതമാനത്തോളം പൂർത്തിയായി. വെള്ളത്തിൽ ബാർജ് ഉപയോഗിച്ചുള്ള വൃത്തിയാക്കൽ പൂർത്തിയായി. ബീച്ച് റോഡിന് പടിഞ്ഞാറ് കടപ്പുറത്തോടു ചേർന്ന ഭാഗത്തും പണിക്കർ റോഡിന് സമീപത്ത് 10 ശതമാനവും മാത്രമാണിനി തീരാനുള്ളത്. ഈ ഭാഗത്ത് ബാർജ് ഉപയോഗിക്കാനാവാത്തതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണ് മണ്ണ് മാറ്റുന്നത്. നവീകരണത്തിന്റെ അടുത്ത ഘട്ടമായി തോടിന്റെ അരിക് കോൺക്രീറ്റ് കെട്ടി നന്നാക്കണം. കോൺക്രീറ്റ് കെട്ടൽ ഉടൻ തുടങ്ങാനാണ് തീരുമാനം. എടുത്തുമാറ്റുന്ന മണ്ണ് ഭട്ട് റോഡ് ഭാഗത്തെ കടപ്പുറത്താണ് നിക്ഷേപിക്കുന്നത്. ഈ ഭാഗത്ത് മണ്ണ് നിരത്തി ഗ്രൗണ്ട് പണിയാനാണ് തീരുമാനം.
ജൂലൈ മൂന്നിനാണ് തോട് നന്നാക്കൽ ചാലിവയൽ ഭാഗത്തുനിന്നു തുടങ്ങിയത്. തൊഴിലാളികൾ ഇറങ്ങിയാണ് ആദ്യം തോടിന്റെ വീതിയുള്ള ഭാഗത്ത് മാലിന്യം മാറ്റൽ തുടങ്ങിയത്. മലിനജല സംസ്കരണ പ്ലാന്റ് നിർമാണ സൈറ്റിന് സമീപമാണ് ഏറ്റവുമൊടുവിൽ വൃത്തിയാക്കിയത്. കറുത്ത ചളി നിറഞ്ഞ മാലിന്യമാണ് ഈ ഭാഗത്ത്. ആവിക്കൽ തോട് പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ ബജറ്റിൽ നീക്കിവെച്ചിരുന്നു. പ്രവൃത്തിയുടെ ഒന്നാംഘട്ട പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത് സർവേ നടപടികൾക്കു ശേഷമാണ് നവീകരണം തുടങ്ങിയത്.
പ്രദേശത്തെ ജനങ്ങൾ പ്രവൃത്തി അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം, കോർപറേഷൻ അധികൃതർ, കരാറുകാർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് പണി തുടങ്ങാനായത്. എം.എൽ.എ ഇടപെട്ട് 2022-23 ബജറ്റിലാണ് തുക വകയിരുത്തിയത്. അതിനുശേഷം 12 മാസംകൊണ്ട് അഞ്ചു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് ടെൻഡർ ചെയ്തത്. മഴക്കാലത്തും പ്രവൃത്തി നടന്നു. മഴ കഴിഞ്ഞാൽ രണ്ടാം ഘട്ടം പെട്ടെന്ന് തീർക്കാനാണ് തീരുമാനം. മലിനജല സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട കോടതിവിധിയും കേസുമൊന്നും ഇപ്പോൾ നടക്കുന്ന പണിക്ക് ബാധകമല്ല.