തീരുമാനങ്ങൾ ലംഘിച്ച് മാനാഞ്ചിറ സ്ക്വയറിന് ചുറ്റും വീണ്ടും കൊടി തോരണങ്ങൾ
text_fieldsമാനാഞ്ചിറ സ്ക്വയർ പരിസരത്തെ തോരണങ്ങൾ
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിന് ചുറ്റും പരസ്യങ്ങളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന തീരുമാനം വീണ്ടും ലംഘിച്ചു. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടി തോരണങ്ങളാണ് ഏറ്റവുമൊടുവിൽ സ്ക്വയറിന് ചുറ്റും നിറഞ്ഞത്. മാനാഞ്ചിറ മൈതാനവും ടാഗോർ പാർക്കും അൻസാരി പാർക്കും കുളവുമെല്ലാം കൂട്ടിച്ചേർത്ത് സ്ക്വയർ വന്നത് മുതൽ ചുറ്റും രാഷ്ട്രീയ കക്ഷികളുടെയടക്കം പരസ്യം വേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു. പരസ്യ നിരോധിത മേഖല എന്ന ബോർഡും സ്ഥാപിച്ചിരുന്നു. ഇത് പല തവണ ലംഘിക്കപ്പെട്ടെങ്കിലും നിയന്ത്രണം വീണ്ടും പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗം വിളിച്ച് തീരുമാനിക്കുകയായിരുന്നു.
കോർപറേഷൻ അധികൃതർ ബോർഡുകളും മറ്റും എടുത്ത് മാറ്റുന്നതും പതിവായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും സ്ക്വയറിന് ചുറ്റും പരസ്യം പാടില്ലെന്ന തീരുമാനമെടുത്തിരുന്നു. അന്ന് മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പരസ്യങ്ങൾ എടുത്ത് മാറ്റാനും തീരുമാനിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ ബോർഡുകളോ ബാനറുകളോ കൊടി തോരണങ്ങളോ കെട്ടാൻ അനുവദിക്കില്ലെന്നാണ് തീരുമാനമെടുത്തത്. പരസ്യങ്ങൾ സ്ഥാപിച്ചാൽ നഗരസഭ അധികൃതർ ഇവ എടുത്തുമാറ്റുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും തീരുമാനിച്ചിരുന്നു. മാനാഞ്ചിറ സ്ക്വയർ, ചുറ്റുമതിൽ, നടപ്പാതയോട് ചേർന്നുള്ള കമ്പിവേലി എന്നിവിടങ്ങളിലാണ് പരസ്യത്തിന് നിരോധനം. കമ്പിവേലികളിലാണിപ്പോൾ കൊടിതോരണങ്ങൾ നിറഞ്ഞത്. പരസ്യങ്ങൾ നിരോധിച്ചുകൊണ്ടുള്ള ബോർഡും തുരുമ്പെടുത്ത് ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

