കലിപൂണ്ട് കാറ്റും കടലും; കനമേറി നഗരക്കെടുതികൾ
text_fieldsകനത്ത കാറ്റിൽ കോർപറേഷൻ ഓഫിസിന്റെ ചില്ല് തകർന്ന നിലയിൽ
കോഴിക്കോട്: മഴ കനത്തതിനു പിന്നാലെ കടൽ ക്ഷോഭവുമായതോടെ തീരദേശ നിവാസികളുടെ ദുരിതം വിവരണാതീതമായി. കോന്നാട്, കോതി, സൗത്ത് ബീച്ച്, ശാന്തിനഗർ കോളനി, പുതിയാപ്പ, എലത്തൂർ എന്നിവിടങ്ങളിലെല്ലാം കടൽ കലിപൂണ്ടു. കോഴിക്കോട് ബീച്ചില്‍ കടലാക്രമണം ഉണ്ടായതോടെ സന്ദര്‍ശകരെയും പെട്ടിക്കടക്കാരെയും സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. ബീച്ചില്‍ പെട്ടിക്കടകള്‍ നില്ക്കുന്ന സ്ഥലത്തേക്കുവരെ തിരമാല അടിച്ചുകയറുകയായിരുന്നു. ഇതുകാണാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് സന്ദര്‍ശകരോട് മടക്കി അയക്കാൻ സുരക്ഷ ഗൈഡുകളും പൊലീസും ഇടപെട്ടത്.
ഉച്ചക്ക് രണ്ടരയോടെ ഉണ്ടായ കനത്ത കാറ്റില്‍ കോഴിക്കോട് കോർപറേഷന് ഫ്രണ്ട് ഓഫിസിന്റെ ചില്ല് തകര്‍ന്നു. വാതില്‍ തകര്‍ന്ന സമയത്ത് അകത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കാറ്റിൽ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം വീടിനു മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. ആളപായമില്ല.
കനത്തുപെയ്ത മഴയിൽ നഗരത്തിലെ ഗതാഗതവും താറുമാറായി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മലിനജലത്തിൽ മുങ്ങിയ റോഡുകളും നടപ്പാതകളും കാൽനടക്കാരെയും ദുരിതത്തിലാക്കി.
മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
മാവൂർ: കനത്ത മഴ പെയ്തതോടെ മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മൂന്ന് ആഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകുന്നത്. വീടുകളിൽ വെള്ളം കയറിയതിനെതുടർന്ന് ഗ്രാമപഞ്ചായത്തിൽ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റുമായി മാറ്റിത്താമസിപ്പിച്ചു. ചാലിയാറും ചെറുപുഴയും നിറഞ്ഞൊഴുകിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.
തെങ്ങിലക്കടവ്-കൽപ്പള്ളി നീർത്തടത്തിൽ ജലനിരപ്പ് ഉയർന്നതോടെ ഇതിന്റെ തീരത്തുള്ള നാല് വീടുകളിലാണ് വെള്ളം കയറിയത്. മാവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, കച്ചേരിക്കുന്ന് ശ്രീവള്ളി, പുലിയപ്രം സത്യൻ, പുലിയപ്രം ശ്രീധരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഈ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് ഇവർ വീടൊഴിയുന്നത്. മേയ് 26നും വീടുകളിൽ വെള്ളം കയറിയിരുന്നു. ജലനിരപ്പ് ഉയരുന്നുണ്ട്. വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായി. മാവൂർ പൈപ്പ് ലൈൻ റോഡ്, കണ്ണിപറമ്പ്-സങ്കേതം റോഡ്, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡ് എന്നിവ വെള്ളത്തിനടിയിലായി. മറ്റ് ഇടറോഡുകളും അപകട ഭീഷണിയിലാണ്. വ്യാപകമായി വാഴകൃഷിയും വെള്ളത്തിനടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

