'നിയമം ലംഘിച്ച്' പൊലീസിന്റെ വാഹന പരിശോധന
text_fieldsകോഴിക്കോട്: സിറ്റി പൊലീസിന്റെ വാഹന പരിശോധന ചിലയിടങ്ങളിൽ ചട്ടങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി. തിരക്കുള്ള ഭാഗത്തും വളവുകളിലും പൊലീസ് വാഹന പരിശോധന നടത്തരുതെന്ന ഡി.ജി.പിയുടെ ഉത്തരവാണ് മിക്കപ്പോഴും അവഗണിക്കുന്നത്. നഗരത്തിൽ സി.എച്ച് മേൽപാലത്തിന് തൊട്ടടുത്തും എരഞ്ഞിപ്പാലം ജങ്ഷനിലും സ്ഥിരമായി വാഹന പരിശോധന നടത്തുന്നതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്.
കടപ്പുറത്തേക്കുള്ള റോഡിലെ സി.എച്ച് മേൽപാലത്തിനടുത്തുള്ള ബസ് സ്റ്റോപ്പിലാണ് ദിവസേനയെന്നോണം പൊലീസ് വാഹന പരിശോധന നടത്തുന്നത്. ബസ് സ്റ്റോപ്പ് എന്നതിനുപുറമെ ഇവിടെ സിറ്റി പൊലീസ് തന്നെ സ്ഥാപിച്ച നോ പാർക്കിങ് ബോർഡും ഒടിഞ്ഞുതൂങ്ങി കിടപ്പുണ്ട്.
ഇതൊന്നും വകവെക്കാതെയാണ് നിയമ പാലകരുടെ നിയമലംഘന പരിശോധന. മാത്രമല്ല മാനാഞ്ചിറ ഭാഗത്തുന്നിന്ന് ബീച്ചിലേക്കുള്ള റോഡിന്റെ വളവിനോട് ചേർന്നാണ് പരിശോധനയെന്നതിനാൽ ബൈക്ക് യാത്രികരടക്കമുള്ളവർ പെട്ടെന്ന് പൊലീസിനെ കണ്ട് വെട്ടിച്ചാൽ അപകട സാധ്യതയും ഏറെയാണ്. മുമ്പ് പൊലീസിനെ കണ്ട് വെട്ടിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിട്ച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നഗരത്തിൽ എപ്പോഴും തിരക്കുണ്ടാകുന്ന പ്രധാന ജങ്ഷൻ കൂടിയാണിത്. ബസ് സ്റ്റോപ്പിന് മുന്നിൽ വാഹന പരിശോധന നടത്തുന്നത് ഇവിടെ ബസ് കാത്തിരിക്കുന്നവർക്കും ദുരിതമാണ്. മിക്കപ്പോഴും പൊലീസ് തടഞ്ഞിടുന്ന മൂന്നു നാലും വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് ഭീഷണിയുമാണ്. എരഞ്ഞിപ്പാലം ജങ്ഷനിലും സമാന അവസ്ഥയിലാണ് വാഹന പരിശോധന.
മിനി ബൈപാസിലേക്ക് കടക്കുന്ന ഭാഗത്തുതന്നെ ബസ് സ്റ്റോപ്പുണ്ട്. ഇവിടെ ജീപ്പ് നിർത്തിയാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. 2014ൽ പൊലീസ് ആസ്ഥാനത്തുനിന്നിറക്കിയ ഉത്തരവിൽ തന്നെ ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ വാഹന പരിശോധന നടത്തരുത് എന്ന് നിർദേശിച്ചിട്ടുണ്ട്.
ഇടുങ്ങിയ റോഡുകളിലും വളവുകളിലും വാഹന പരിശോധന പാടില്ലെന്നും അപകടങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് വാഹന പരിശോധനയുടെ ലക്ഷ്യമെന്നും പെറ്റികേസുകളുടെ എണ്ണം കൂട്ടുകയല്ലെന്നും സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.