മഴയത്ത് ഇവിടേക്ക് വന്നാൽ പെട്ടു...
text_fieldsഇന്നലെ പെയ്ത മഴയിൽ വെള്ളം കയറിയ മാവൂർ റോഡിലൂടെ പോകുന്ന വാഹനങ്ങൾ
കോഴിക്കോട്: അരമണിക്കൂർ മഴ നീണ്ടാൽ നഗരം വെള്ളത്തിൽ മുങ്ങുന്ന അവസ്ഥ. അശാസ്ത്രീയമായ ഓവുചാൽ സംവിധാനങ്ങളും ചളിയും മാലിന്യങ്ങളും നിറഞ്ഞുനിൽക്കുന്ന ഓടകൾ യഥാസമയം കോർപറേഷൻ വൃത്തിയാക്കാത്തും അനധികൃത മാലിന്യ നിക്ഷേപവുമാണ് ചെറുമഴയിൽപോലും നഗരം മുങ്ങാൻ കാരണം. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് പെയ്ത ചെറുമഴയിൽ നഗരപാതകളിൽ ഉടനീളം വെള്ളം പൊന്തി. നഗരത്തിന്റെ ഹൃദയമായ മാവൂർറോഡിലും റെയിൽവേസ്റ്റേഷൻ റോഡിലും സ്റ്റേഡിയം ജങ്ഷനിലും കോഴിക്കോട് ബീച്ചിലും വെള്ളക്കെട്ട് രൂക്ഷമായി.
കോടികൾ മുടക്കി നവീകരിച്ച ബീച്ചിൽ മഴപെയ്താൽ വൻ വെള്ളക്കെട്ടാണ്. ഓവുചാൽ നിർമിച്ചതിലുള്ള പിഴവാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. വലിയ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ യാത്രാക്ലേശം അനുഭവപ്പെട്ടു. മാവൂർ റോഡിലെ കടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഓടയിലേക്ക് മാലിന്യം തള്ളുന്നതിനാൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ റോഡിലേക്ക് മാലിന്യങ്ങൾ പരക്കുകയാണ്. ദുർഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ കാൽനടക്കാർ സഞ്ചരിക്കാൻ നിർബന്ധിതമാകുകയാണ്.
ഇത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുമെന്ന ആശങ്കയാണ്. ഫലപ്രദമായ മാലിന്യ സംസ്കരണത്തിന് ആരോഗ്യവകുപ്പ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപം രൂക്ഷമാണ്. കനത്ത മഴയെത്തുടർന്ന് കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കായിരുന്നു വെള്ളിയാഴ്ച വൈകീട്ട് അനുഭവപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പരക്കുകയാണ്. നഗരഹൃദയത്തിലെ കാർഷോറൂമിൽനിന്നുള്ള മാലിന്യങ്ങളും ഓയിലും റോഡിൽ പരന്നൊഴുകുകയാണ്. മഴചോർന്ന് വെള്ളക്കെട്ട് പോയാലും മാലിന്യങ്ങൾ റോഡിലും കടകൾക്കും മുന്നിലും അറപ്പുളവാകുംമട്ടിൽ തങ്ങിനിൽക്കുകയാണ്. പിന്നിട് ക്ലോറിൻ തളിക്കുകയാണ്.
കോർപറേഷന്റെ അനാസ്ഥയാണ് നിർബാധം ഇത് തുടരുന്നതിന് കാരണം. മഴക്കാലത്ത് നഗരത്തിലെത്തിയാൽ വലിയ ദുരിതമാണ് ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്. അൽപനേരം മാത്രം മഴ നീണ്ടുനിന്നാൽ പോലും ഈയവസ്ഥയെങ്കിൽ കനത്ത മഴതുടങ്ങിയാൽ എന്താകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മഴക്കാല പൂർവ ശുചീകരണ പ്രവൃർത്തികൾ മന്ദഗതിയിലായതും ഓടകളിലെ മാലിന്യം നീക്കാത്തതും തിടിച്ചടിയായിരിക്കുകയാണ്.
രോഗങ്ങൾ പടരുന്നു, ആശങ്കയിൽ നഗരവാസികൾ
മഴ കനക്കുന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ തന്നെ പകർച്ചവ്യാധികൾ പിടിമുറുക്കിയിട്ടുണ്ട്. പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിച്ച് നിരവധി ആളുകളാണ് ദിവസവും ആശുപത്രികളിൽ ചികിത്സ തേടുന്നത്. പകർച്ചവ്യാധി സാധ്യത ഏറ്റവും കൂടുതലുള്ള കോർപറേഷൻ പരിധിയിൽ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇനിയെങ്കിലും അധികൃതർ ഉണർന്നു പ്രവർത്തിച്ച് ഓടകളിലെ തടസ്സങ്ങൾ നീക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

