അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ഉടൻ 500 രൂപ
text_fieldsകോഴിക്കോട്: വാഹനാപകടങ്ങളിൽപെടുന്നവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നവർക്ക് പൊലീസ് പാരിതോഷികം നൽകുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘ഗുഡ് സമാരിറ്റന്‍സ് അവാര്‍ഡ്’ എന്നാണ് പദ്ധതിക്ക് പേര്. ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കോഴിക്കോട് സിറ്റി പരിധിയിൽ ആദ്യം നടപ്പാക്കുന്ന പദ്ധതി തുടർന്ന് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. അപകടത്തിൽപെടുന്നവരുടെ ചികിത്സ വൈകുന്നതുമൂലമുണ്ടാകുന്ന രക്തം വാർന്നുള്ള മരണം, അംഗവൈകല്യങ്ങൾ, കിടപ്പിലായിപ്പോകൽ തുടങ്ങിയവ ഒരുപരിധി വരെ ഇതിലൂടെ പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.
ആശുപത്രിയിലെത്തിയ ശേഷം അപകടത്തിൽപെട്ടയാളുടെ ഫോട്ടോയും ആളുടെ വിവരണവും, എത്തിച്ച ആളുടെ വിവരണവും ചേർത്ത് 8590965259 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്താൽ മിനിറ്റുകൾക്കകം ഓൺലൈനായി 500 രൂപ ലഭിക്കും. ആശുപത്രിയിലെത്തിക്കുന്നവർക്ക് നിയമക്കുരുക്കുകൾ നേരിടേണ്ടി വരില്ല. പദ്ധതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അസ്ഥാനത്താണ്.
സാമ്പത്തിക ബാധ്യത പേടിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരാത്തവർക്കും ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. വാഹനാപകടങ്ങള്‍ അനുദിനം വര്‍ധിക്കുകയും ജീവന്‍പൊലിയുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പെടുന്ന 90 ശതമാനം പേര്‍ക്കും സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതാണ് മരണം സംഭവിക്കുന്നതിന് കാരണമാകുന്നത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുജ് പലിവാൾ, അസി. പൊലീസ് കമീഷണർ (ട്രാഫിക്) എ.ജെ. ജോൺസൺ, ലയൺസ് ക്ലബ് ഭാരവാഹികളായ ടി.ജി. ബാലൻ, ജില്ല കൺവീനർ ടി.കെ. രജീഷ്, ഇ. അനിരുദ്ധൻ, കെ. മുരളീധരൻ, കെ. പ്രേംകുമാർ, കെ.കെ. ശെൽവരാജ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

