ഇങ്ങനെ പോയാൽ അഞ്ചുവർഷംകൊണ്ടും തീരില്ല; റെയിൽവേ സ്റ്റേഷൻ നവീകരണം ഇഴയുന്നു
text_fieldsകോഴിക്കോട്: 2024 ജൂണിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാൻസിറ്റ് ഹബ് ആക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന ഉപാധിയിൽ നവീകരണ കരാർ റാങ്ക് എന്ന കമ്പനിയെ സതേൺ റെയിൽവേ ഏൽപിക്കുകയും ചെയ്തു.
450 കോടി രൂപയുടെ പദ്ധതിയിൽ കമ്പനി ഇതിനകം ഏകദേശം 80 കോടി രൂപ (അതായത് കരാർ തുകയുടെ 18ശതമാനം) ബില്ലിനത്തിൽ കൈപ്പറ്റിയിട്ടുണ്ടെങ്കിലും ആകെ നിർമാണത്തിന്റെ കാൽഭാഗം മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. പദ്ധതി വിഭാവനം ചെയ്തതുപോലെ പൂർത്തിയാകണമെങ്കിൽ 600 തൊഴിലാളികളെങ്കിലും ഒരേസമയം പണിയെടുക്കണം. ഇവിടെ 80ൽ താഴെ ആളുകൾ മാത്രമാണ് നിർമാണപ്രവൃത്തികൾ ചെയ്യുന്നത്.
പലദിവസങ്ങളിലും അത് 60 ഉം 70 ഉം ഒക്കെയാകും. നിർമാണ പ്രവൃത്തി ഇങ്ങനെ ഇഴഞ്ഞുനീങ്ങുകയാണെങ്കിൽ അഞ്ചു വർഷം കൊണ്ടുപോലും നവീകരണം പൂർത്തിയാക്കാൻ സാധിക്കില്ല. തൊഴിലാളികളെ കിട്ടാനില്ലെന്നാണ് ഈ മെല്ലെപ്പോക്കിന് കരാർ കമ്പനി പറയുന്ന ന്യായം. അടുത്ത വർഷം ജൂണിൽ റാങ്കിന്റെ കരാർ അവസാനിക്കും. അതിനിടക്ക് ഒന്നും നടന്നില്ലെങ്കിൽ കരാറുകാരെ മാറ്റുന്നതിനെ കുറിച്ച് റെയിൽവേ തീരുമാനിക്കുമെന്നാണ് അധികൃതർ പറയുന്നത്. പ്ലാറ്റ്ഫോമുകളുടെ വീതി കൂട്ടൽ, പുതിയ ടെർമിനലുകൾ, മൾട്ടി ലെവൽ പാർക്കിങ് എന്നിവയടക്കമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ആധുനിക ടെർമിനലുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വിശാലമായ പാർക്കിങ് ഏരിയകൾ, സ്കൈവാക്കുകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

