ഇതിങ്ങനെ മതിയോ ഇടിയങ്ങരകുളം
text_fieldsഇടിയങ്ങരകുളം
കോഴിക്കോട്: നവീകരിച്ച് പരിപാലന കമ്മിറ്റിയുണ്ടാക്കിയ കുറ്റിച്ചിറയുടെ തൊട്ടടുത്തുള്ള ഇടിയങ്ങര കുളം അവഗണനയിൽ തുടരുന്നു. മൊത്തം അലങ്കോലമായി കിടപ്പാണ് കുളവും പരിസരവും. വൃത്തിഹീനമായി കുളം ഉപയോഗിക്കുന്നതും ഭക്ഷ്യാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതുമെല്ലാം ശുദ്ധജലസ്രോതസ്സിനെ അഴുക്കിലാഴ്ത്തിയിരിക്കയാണ്. പരിസരവാസികൾ ഇറങ്ങാതായതോടെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽനിന്നുവരുന്ന നാടോടികളും മറ്റും മാത്രമുപയോഗിക്കുന്നതായി കുളം മാറി.
പച്ചപ്പായൽ മൂടിയ കുളത്തിന് ചുറ്റും കഴിഞ്ഞ ഒക്ടോബർ രണ്ടിന് കോർപറേഷൻ ആഭിമുഖ്യത്തിൽ വൃത്തിയാക്കൽ നടന്നെങ്കിലും എല്ലാം പഴയപടിയായി. തൊട്ടടുത്തുള്ള കുറ്റിച്ചിറകുളം സംരക്ഷണത്തിനും പരിപാലനത്തിനുമായി നാട്ടുകാർ കോർപറേഷനുമായി സഹകരിച്ച് കുറ്റിച്ചിറ കുളം പരിപാലന കമ്മിറ്റിയുണ്ടാക്കിയിരുന്നു. നവീകരണം പൂർത്തിയായ കുറ്റിച്ചിറക്ക് ചുറ്റും പഴയരീതിയിൽ വൃത്തിഹീനമായി ഉപയോഗിക്കാനും മറ്റും തുടങ്ങിയതിനാലാണ് നാട്ടുകാർ ഒന്നിച്ചത്.
കുളത്തിൽ മാലിന്യം കൊണ്ടിടുന്നത് തടയാൻ നടപടിയെടുക്കാൻ തീരുമാനമായി. ഇതിനായി ബോധവത്കരണം നടത്തുന്നുണ്ട്. സോപ്പും എണ്ണയും അമിതമായി കലരുന്നത് വെള്ളത്തിനും മീനുകൾക്കും ദോഷമാണെന്ന് കണ്ടതിനാൽ അത് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇടിയങ്ങരകുളത്തിൽ നാടോടികളടക്കം വൃത്തിഹീനമായി ഉപയോഗിക്കുന്നതായി പരിസരവാസികൾ ആരോപിക്കുന്നു. കുറ്റിച്ചിറ, തളി കുളങ്ങൾ നവീകരിച്ച് സംരക്ഷിച്ചതോടെ ആ ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന പലരും ഇടിയങ്ങരയിലേക്ക് മാറിയെന്നാണ് ആരോപണം. കുളത്തിന്റെ പടവുകൾ ഇടിഞ്ഞ് പൊളിഞ്ഞു. വലിയ പാഴ്മരങ്ങൾ നിറഞ്ഞ കുളത്തിൽ ഗാന്ധിജയന്തി നാളിൽ ശുചീകരിച്ച ഭാഗമെല്ലാം പഴയപടിയായി.
രണ്ട് പദ്ധതിയും നടന്നില്ല
ഇടിയങ്ങരകുളം നവീകരിക്കാൻ കോർപറേഷന്റെയും സംസ്ഥാന സർക്കാറിന്റെയും പദ്ധതികൾ വന്നെങ്കിലും രണ്ടും നടക്കാത്ത സ്ഥിതിയാണെന്ന് കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ പറഞ്ഞു.
കുളം നവീകരണത്തിന് കോർപറേഷൻ 40 ലക്ഷം നീക്കിവെച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ഇതിനിടെ അഹമ്മദ് ദേവർ കോവിൽ മന്ത്രിയായിരിക്കെ കുളം നവീകരണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി അനുവദിച്ചു. ഫണ്ട് അനുവദിച്ചശേഷം അടുത്ത ബജറ്റ് വന്നെങ്കിലും നവീകരണത്തിനുള്ള നടപടിയായില്ല. പള്ളിക്കുളമായതിനാൽ കുളം നന്നാക്കാനുള്ള അനുമതി ലഭ്യമാക്കിയതാണ്. എന്നിട്ടും ഫയലുകൾ ഇഴയുകയാണ്.
രണ്ടു കോടിയുടെ നവീകരണം ഉടൻ
ഇടിയങ്ങരകുളം നവീകരണം ഉടൻ തുടങ്ങാനാവുമെന്ന് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അറിയിച്ചു. ഇറിഗേഷൻ വകുപ്പിനാണ് പദ്ധതി തയാറാക്കാനുള്ള ചുമതല. കുളം നവീകരണത്തിന് കോർപറേഷന്റെ ആദ്യ പദ്ധതിക്ക് പകരമായാണ് പുതിയ നവീകരണം വരുന്നത്. പള്ളിക്കുളമായതിനാൽ നവീകരണത്തിന് വഖഫ് അനുമതിയും നൽകിയിട്ടുണ്ട്. ഫയലുകൾ ഫിനാൻസിലാണ് ഇപ്പോഴുള്ളത്.
ഇറിഗേഷനിൽനിന്നാണ് ഫയലുകൾ അനുമതിക്കായി ഫിനാൻസിലേക്ക് പോയത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കിയശേഷമാണ് അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. ലാൻഡ് സ്കേപിങ്ങും ഇരിപ്പിടങ്ങളും വിളക്കുകളും മറ്റുമായി മനോഹരമാക്കുന്ന പ്രവൃത്തിയാണ് നടക്കുക. ഇതോടെ കുറ്റിച്ചിറക്കൊപ്പം തൊട്ടടുത്ത കുളവും തെക്കേപ്പുറത്തിന്റെ യശസ്സുയർത്തുന്നതായി മാറും. രണ്ടുകോടി രൂപ ചെലവഴിച്ച് നാലുഘട്ടങ്ങളായാണ് കുറ്റിച്ചിറയിൽ പൈതൃകപദ്ധതി പൂര്ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

