യാഥാർഥ്യമാവാതെ ഇടത്തിൽതാഴം -കണ്ടിയോത്ത് താഴം നടപ്പാത
text_fieldsഇടത്തിൽതാഴം-കണ്ടിയോത്ത് താഴം തോട് വരമ്പ് കാട്
നിറഞ്ഞനിലയിൽ
നന്മണ്ട: ഇടത്തിൽതാഴം-കണ്ടിയോത്ത് താഴം നടപ്പാത ഇനിയും യാഥാർഥ്യമായില്ല. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ഇടത്തിൽതാഴം നിവാസികൾക്ക് കാരക്കുന്നത്തങ്ങാടിയുമായി ബന്ധപ്പെടാൻ കാടുകൾ നിറഞ്ഞ, ഇഴജീവികളുടെ വിഹാരകേന്ദ്രമായ തോടുവരമ്പുതന്നെ ആശ്രയം. ഇടത്തിൽതാഴം തോടിനെ രാമല്ലൂർ തോടുമായി ബന്ധിപ്പിക്കുന്ന തോടാണിത്. ഇത് നീർത്തട പദ്ധതിയിലുൾപ്പെടുത്തിയതുമാണ്. ജലസേചന വകുപ്പ് പണം വകയിരുത്തിയാലേ നടപ്പാത യാഥാർഥ്യമാവുകയുള്ളൂ.
10 വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് നീർത്തട പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും എല്ലാം കടലാസിലൊതുങ്ങിയ കാഴ്ചയാണ് കർഷകരടക്കമുള്ള ജനതക്ക് പിന്നീട് കാണാൻ കഴിഞ്ഞത്. നടപ്പാത യാഥാർഥ്യമാവുന്നതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതോടൊപ്പം തോടിന്റെ സംരക്ഷണവും കാർഷിക വൃത്തിക്ക് അനുകൂല സാഹചര്യവും നിലവിൽ വരുമായിരുന്നു.
പക്ഷേ, ഇടപെടേണ്ട ജലസേചന വകുപ്പ് പണം കണ്ടെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇടത്തിൽതാഴം-രാമല്ലൂർ തോട് മൂന്നു കിലോമീറ്ററോളം ദൈർഘ്യം വരും. ഈ നീരുറവയെ ആശ്രയിച്ചാണ് കർഷകർ പാടങ്ങളിൽ കൃഷിയിറക്കുന്നത്. തോട് നാൾക്കുനാൾ അരികുകൾ ഇടിഞ്ഞ് നാമാവശേഷമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

