ഐ.സി.യു പീഡനക്കേസ്; സ്ഥലം മാറ്റപ്പെട്ടവർക്ക് മെഡി. കോളജിൽ തിരികെ നിയമനം
text_fieldsകോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെതുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാർക്കും തിരികെ സ്ഥലംമാറ്റം. ജില്ലാ കോടതിയിൽ കേസ് നിലനിൽക്കെ ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചാണ് കുറ്റാരോപിതർ ആശുപത്രിയിൽ മടങ്ങിയെത്തിയത്.
ഗ്രേഡ് 2 അറ്റൻഡന്റ് പി.ഇ. ഷൈമ, ഗ്രേഡ് 1 അറ്റൻഡന്റുമാരായ ഷൈനി ജോസ്, ഷലൂജ, എൻ.കെ. ആസ്യ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരാണ് ബുധനാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെതുടർന്ന് വകുപ്പുതല നടപടിയായി മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലം മാറ്റിയത്.
തിരിച്ചെത്തിയവരിൽ ആസ്യയെ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും പ്രസിത മനോളി, പി.ഇ. ഷൈമ എന്നിവരെ നെഞ്ചുരോഗാശുപത്രിയിലേക്കും ഷൈനി, ഷലൂജ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് നിയമിച്ചിരിക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അറ്റൻഡന്റ് ഗ്രേഡ് 1 തസ്തികയിൽ ഒഴിവില്ലാത്തതിനാൽ ഈ തസ്തികയിലുണ്ടായിരുന്ന ആളെ എം.സി.എച്ചിലേക്ക് അടിയന്തരമായി മാറ്റി ഒഴിവ് സൃഷ്ടിച്ചാണ് ആസ്യക്ക് നിയമനം നൽകിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ തിയറ്ററിൽനിന്ന് ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. 2023 മാർച്ച് 18 നായിരുന്നു സംഭവം. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും പ്രതിക്കെതിരെ രഹസ്യമൊഴി നൽകുകയും ചെയ്തു. യുവതിയെ വാർഡിലേക്ക് മാറ്റിയശേഷം പ്രതിയുടെ സഹപ്രവർത്തകരായ ചിലർ വാർഡിലെത്തി മൊഴിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒന്നര വർഷം മുമ്പാണ് ഇവരെ സ്ഥലം മാറ്റിയത്. കേസിലെ മുഖ്യപ്രതി പ്രതി ശശീന്ദ്രനെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

