ഐ.സി.യു പീഡനം: മൊഴിയെടുക്കാത്തത് മനുഷ്യാവകാശ കമീഷൻ അന്വേഷിക്കും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലെ പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ഗൈനക്കോളജിസ്റ്റ് മുഴുവനായി രേഖപ്പെടുത്തിയില്ലെന്ന പരാതി മനുഷ്യാവകാശ കമീഷൻ അന്വേഷിക്കും.
മനുഷ്യവകാശ കമീഷനിലെ പൊലീസ് വിഭാഗമാണ് അന്വേഷണം നടത്തുക. അതിജീവിത കമീഷനിൽ നൽകിയ പരാതിയിലാണ് നടപടി. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം.
അതിജീവിതക്കൊപ്പം മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും പങ്കെടുത്തു. സിറ്റിങ്ങിൽ മൊത്തം 18 പരാതികൾ തീർപ്പാക്കി. 84 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റി. ഫെബ്രുവരി 20നാണ് അടുത്ത സിറ്റിങ്.

