ഐ.സി.യു പീഡനക്കേസ്: ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡന കേസിൽ ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറും. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്കാണ് റിപ്പോർട്ട് നൽകുക. സംഭവ ശേഷം തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീത പ്രതിക്കനുകൂലമായാണ് മൊഴി നൽകിയതെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത പരാതി നൽകിയതോടെയാണ് ഡോക്ടർക്കെതിരെ അന്വേഷണം നടന്നത്.
അതിജീവിതയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. കെ.വി. പ്രീതയെ അന്നത്തെ ഐ.എം.സി.എച്ച് സൂപ്രണ്ട് ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, അതിജീവിതയുടെ രഹസ്യഭാഗത്ത് പരിക്കോ രക്തസ്രാവമോ കണ്ടിട്ടില്ലെന്നാണ് ഗൈനക്കോളജിസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നത്. ബാഹ്യമോ ആന്തരികമോ ആയ അവയവങ്ങൾക്ക് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇത് പ്രതിയെ സംരക്ഷിക്കാനാണ് എന്നായിരുന്നു അതിജീവിതയുടെ ആരോപണം.
അതിജീവിത, ഡോ. പ്രീതി, പീഡനക്കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരടക്കമുള്ളവരിൽനിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അസി. കമീഷണർ റിപ്പോർട്ട് തയാറാക്കിയത്. കേസിൽ തുടക്കം മുതൽ പ്രതി ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് മെഡിക്കൽ കോളജ് അധികൃതർ തുടരുന്നതെന്ന് വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.