ഭാര്യയുടെ വീടിനു മുന്നിൽ ഭർത്താവിന്റെ ആത്മഹത്യശ്രമം
text_fieldsrepresentational image
വില്യാപ്പള്ളി: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയുടെ വീടിനു സമീപം തീകൊളുത്തി മരിക്കാൻ ശ്രമം നടത്തി. എടവരാട് നറക്കമ്മൽ ബിനീഷാണ് (42) വില്യാപ്പള്ളി കച്ചേരി പറമ്പിലെ ഭാര്യവീടായ മുക്കോടൻകണ്ടി വീടിനു മുന്നിൽ റോഡിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മിലിട്ടറി ഉദ്യോഗസ്ഥനായ ബിനീഷ് അയച്ചുകൊടുത്ത പണം ഭാര്യ ധൂർത്തടിച്ചു നശിപ്പിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഗുരുതര പൊള്ളലേറ്റ ബിനീഷിനെ സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ വടകര ഗവ. ജില്ല ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബിനീഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിനു തൊട്ടുപിന്നാലെ ഭാര്യ രജിഷ (36) പിതാവിന്റെ അസുഖത്തിന് ഉപയോഗിച്ചിരുന്ന ഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. രജിഷയെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

