ഉമ്മുകുൽസു വധം; ഭർത്താവിന് ജീവപര്യന്തം
text_fieldsതാജുദ്ദീൻ
എകരൂൽ: അഞ്ചു വർഷം മുമ്പ് കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുൽസു (31) ഉണ്ണികുളം വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ വെച്ച് ക്രൂരമായ മർദനമുറകൾക്ക് ഇരയായി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് മലപ്പുറം എടരിക്കോട് കോഴിച്ചെന അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന് (38) കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ 50,000 രൂപ ഇവരുടെ രണ്ടു മക്കൾക്ക് നൽകാനും കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ ഉത്തരവിട്ടു.
സംശയത്തിന്റെ പേരിലാണ് ഭാര്യയെ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കി 2021 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തിയത്. കേസിൽ പ്രൊസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിക്കുകയും 68 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഉമ്മയും സഹോദരിയും അന്ന് എട്ടു വയസ്സുകാരിയായിരുന്ന സ്വന്തം മകളും കോടതിയിൽ നൽകിയ നിർണായക മൊഴികൾ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കേസിലെ രണ്ടും മൂന്നും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. സുരേഷ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി ജില്ല ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രൊസിക്യൂട്ടർ എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി.

