താമരശേരി ചുരത്തിൽ ഭാരവണ്ടികൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെ യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനും വാഹനങ്ങൾ റോഡിൽ നിന്നു നീക്കം ചെയ്യുന്നതിനുമായി ക്രെയിൻ സൗകര്യവും വർക്ക്ഷോപ്പ് സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശിച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി കേടായതിനെതുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന ആംബുലൻസുകൾ വരെ വഴിയിൽ കുരുങ്ങി അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് ഉത്തരവിൽ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ കുരുങ്ങുന്നവർ മണിക്കൂറുകളോളം പ്രാഥമിക കാര്യങ്ങൾപോലും നിർവഹിക്കാൻ കഴിയാതെ ദുരിതത്തിലാകാറുണ്ട്. 2024 ഏപ്രിൽ 24ന് ചുരത്തിലെ ഗതാഗതക്രമീകരണങ്ങൾ സംബന്ധിച്ച് വിശദ ഉത്തരവ് വയനാട്, കോഴിക്കോട് ജില്ല കലക്ടർമാർക്കും ജില്ല പൊലീസ് മേധാവിമാർക്കും നൽകിയിരുന്നതായി കമീഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിനാൽ സ്ഥിതി ദയനീയമായി തുടരുകയാണ്. മുമ്പ് നൽകിയ ഉത്തരവ് കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ പൂർണമായി നടപ്പാക്കി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ജനുവരിയിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. തടസ്സമില്ലാത്ത യാത്രക്ക് ഫലപ്രദ നടപടികൾ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചതായും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

