വന്മതിൽ ഇടിഞ്ഞുവീണു
text_fieldsതൊണ്ടയാട് ദേശീയപാതക്ക് സമീപം നെല്ലിക്കോട് ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
കോഴിക്കോട്: വന്മതിൽ അടരുകളായി ഇടിഞ്ഞുവീണ ദുരന്തം നെല്ലിക്കോട് വില്ലേജിലെ ആറുകണ്ടത്തിൽ, കുറ്റികുത്തിയ തൊടി, ഇയ്യക്കണ്ടി പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തി. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അത്രക്കും അശാസ്ത്രീയ രീതിയിലായിരുന്നു നിർമാണത്തിനായി മണ്ണുമാന്തിയത്.
മുൻ കൗൺസിലർ സുധാകരൻ ഈ വിഷയത്തിൽ പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഒട്ടും സുരക്ഷിതമല്ലാതെയാണ് ഇവിടെ ഫ്ലാറ്റ് നിർമിക്കാൻ മണ്ണെടുക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ മണ്ണിടിഞ്ഞപ്പോൾ വില്ലേജ് അധികൃതരെ സ്ഥലത്ത് കൊണ്ടുവന്ന് സംഭവത്തിന്റെ ഭീകരത നാട്ടുകാർ ബോധ്യപ്പെടുത്തി. പക്ഷേ, അതുകൊണ്ടൊന്നും നിർമാണം നിർത്തിവെച്ചില്ല. മണ്ണെടുക്കുന്ന ഭൂമിയുടെ അതിർത്തിയിലൂടെ ഇരുമ്പ് ഷീറ്റുവെച്ച് മറയ്ക്കുക മാത്രമാണ് നിർമാതാക്കൾ ചെയ്തത്.
ഇതിനു മുകളിലായി രണ്ട് വീടുകൾ അപകടഭീഷണിയിലാണ്. മണ്ണെടുത്ത മലയുടെ അതിർത്തിയിലൂടെയുള്ള റോഡ് ഇടിഞ്ഞില്ലാതായതോടെ കുറ്റികൊത്തിയ തൊടിയിലെ വീട്ടുകാർക്ക് വഴിയില്ലാതായി. കോർപറേഷൻ കോൺക്രീറ്റ് ചെയ്ത റോഡാണ് ഇല്ലാതായത്. വീട്ടിലേക്കുള്ള വഴി സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഇയ്യക്കണ്ടി
പറമ്പിലെ കമലം നിരവധി പരാതികൾ കോർപറേഷനും വില്ലേജ് അധികൃതർക്കും നൽകിയിരുന്നു. അതൊന്നും ഫലം കണ്ടില്ലെന്ന് കമലം പറഞ്ഞു. മലയുടെ അവശേഷിക്കുന്ന ഭാഗം ഏത് നിമിഷവും ഇടിയുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. എം.എൽ.എമാരായ സച്ചിൻദേവ്, അഹമ്മദ് ദേവർകോവിൽ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, കോർപറേഷൻ കൗൺസിലർ സുജാത കൂടത്തിങ്കൽ തുടങ്ങിയവർ അപകടസ്ഥലത്തെത്തി.
ഫറോക്ക് അസി. പൊലീസ് കമീഷണർ സിദ്ദീഖ്, വെള്ളിമാട്കുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിലെ ഓഫിസർമാരായ കെ. അരുൺ, പി.കെ. കലാനാഥൻ, അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.
ഭീകര ശബ്ദം, തീപിടിത്തം
കോഴിക്കോട്: മണ്ണിടിഞ്ഞുവീഴുന്നതിന്റെ ഭീകരശബ്ദവും ഇലക്ട്രിക് ലൈൻ പൊട്ടിയതിനെ തുടർന്നുണ്ടായ തീയും വീടിന്റെ കുലുക്കവും 70 കാരി തങ്കത്തെയും 58കാരി ഷീലയെയും തളർത്തി. മലയിടിഞ്ഞതിന്റെ തൊട്ടടുത്ത വീട്ടിലായിരുന്നു ഇരവരും. പേരക്കുട്ടി നാല് വയസ്സുകാരൻ ധ്രുവിനെയുമെടുത്ത് ഇരുവരും ജീവനുംകൊണ്ട് വീട്ടിൽ നിന്നിറങ്ങി ഓടി.
പണയവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇവിടെ ഇനി താമസിക്കാനാവില്ല. എങ്ങോട്ടുപോകുമെന്നറിയാതെ വിലപിക്കുകയായിരുന്നു ഷീല. അപകടം നടന്ന സ്ഥലത്തിനടുത്ത റോഡിലൂടെ കടന്നുപോയ ദീപക് ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

