വീട്ടമ്മയുടെ മരണം: പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു
text_fieldsപേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശാസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പെരുവണ്ണാമൂഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചികിത്സപ്പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ പൊലീസ് ജില്ല മെഡിൽ ഓഫിസർക്ക് കത്ത് നൽകും. കിഴക്കന്‍ പേരാമ്പ്ര കെ.ടി റോഡ് വാഴയില്‍ വിലാസിനി (57)യാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാര്‍ച്ച് നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏഴിന് ശസ്ത്രക്രിയ നടന്നു. ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിർദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഉച്ചക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നല്‍കിയെന്നും വൈകീട്ട് വിലാസിനിയെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു എന്നും അവര്‍ പറഞ്ഞു.
അണുബാധയുള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ചുകളയണമെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ച അഞ്ചോടെ വിലാസിനി മരണത്തിന് കീഴടങ്ങി. കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണംസംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

