ഷോക്കേറ്റ് വീട്ടമ്മയുടെ മരണം; നിർണായകമായത് ഫോറൻസിക് പരിശോധന
text_fieldsലിനീഷിനെ തെളിവെടുപ്പിനായി പശുക്കടവിലെ വീട്ടിനടുത്തെത്തിച്ചപ്പോൾ
കുറ്റ്യാടി: പശുക്കടവ് കോങ്ങോട് മലയിൽ കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ ബോബി മരിച്ച കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധന. അവിവാഹിതനായ പ്രതി ചീരമറ്റം ലിനീഷ് ജോസഫ് വീട്ടുകാരുമായി അകന്ന് തറവാട്ടു വീട്ടിൽ ഒറ്റക്കാണ് താമസം. മാതാപിതാക്കളും സഹോദരങ്ങളും വേറെ വീടുകളിലാണ്. ലോഡിങ്, മരംമുറി തുടങ്ങിയവയാണ് തൊഴിൽ. മരിച്ച ബോബിയുടെ വീടിനടുത്താണ് ലിനീഷിന്റെയും വീട്.
ബോബി മരിച്ചു കിടന്ന കൊക്കോ തോട്ടം ലിനീഷിന്റെ ബന്ധുക്കടേതാണെന്ന് നാട്ടുകാർ പറഞ്ഞു. അവർ കഴിഞ്ഞ മാസം 29 ന് ഈ പറമ്പിൽ കൊക്കോ പെറുക്കാൻ വന്നിരുന്നു. അന്ന് വൈദ്യുതി കെണി ശ്രദ്ധയിൽപെട്ടിരുന്നില്ലത്രെ. അടുത്ത ദിവസവും വരാനിരിക്കുകയായിരുന്നു. രാത്രി സ്ഥാപിക്കുന്ന കെണി പകൽ അഴിച്ചുവെക്കാറാണ് പതിവ്. സംഭവ ദിവസം മറന്നതാണ് ദുരന്തത്തിന് കാരണമായത്. ചക്ക തിന്നാൻ വരുന്ന കാട്ടു പന്നികളെ ഷോക്കോൽപിക്കാനാണ് ഇയാൾ വൈദ്യുതി ലൈനിൽനിന്ന് മുളകൊണ്ടുള്ള തോട്ടി ഉപയോഗിച്ച് കമ്പി കൊളുത്തി കെണിെയാരുക്കുന്നത്.
എന്നാൽ, ചക്കയുടെ മണം പിടിച്ചെത്തിയ പശു ഷോക്കേറ്റ് ചാവുകയും പശുവിനെ തേടിയെത്തിയ ബോബിക്കും ഷോക്കേറ്റെന്നാണ് പൊലീസിന്റെ അനുമാനം. വിവരം അറിഞ്ഞെത്തിയ ലിനീഷ് കെണികളും കമ്പികളും സംഭവ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നത്രെ. തോട്ടിയും മറ്റും ഇയാളൂടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ധിറുതിയിൽ കമ്പികൾ വലിച്ചു മാറ്റുന്നതിനിടയിൽ ഇയാളുടെ കൈക്ക് മുറിവേറ്റു.
എന്നാൽ, ജോലിക്കിടയിൽ മുറിവേറ്റെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതേതുടർന്ന് മുറിവ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. മുമ്പ് തോക്കു കേസിൽ ഇയാളെ പൊലീസ് തേടി വന്നപ്പോൾ വീടിന്റെ മുകളിൽ കയറി ഒളിക്കുകയും താഴേക്ക് ചാടുന്നതിനിടെ പൊലീസ് പിടിയിലാവുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നായാട്ടിനാണ് തോക്ക് ഉപയോഗിച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

