കോഴിക്കോട് സ്കൂൾ മുറ്റങ്ങളിൽ പഴവർഗകൃഷി പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: സ്കൂൾ മുറ്റങ്ങളിൽ പഴവർഗത്തോട്ടങ്ങൾ ഒരുക്കാൻ ഹോർട്ടികൾച്ചർ മിഷൻ. ജില്ലയിൽ 300 പഴവർഗ പോഷകത്തോട്ട യൂനിറ്റുകളാണ് വിഭാവനം ചെയ്യുന്നത്.
മാവ്, പ്ലാവ്, നെല്ലി, പപ്പായ, പേരക്ക, സപ്പോട്ട, റംബുട്ടാൻ, ഇഞ്ചി, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങിയവയാണ് പദ്ധതിയിൽ പെട്ട പഴവർഗങ്ങൾ. 10 സെന്റോ അതിൽ കൂടുതൽ കൃഷിഭൂമിയുള്ളതോ ആയ ഹയർ സെക്കൻഡറി-സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുക. ഫലവൃക്ഷതൈകൾ കൃഷിഭവനുകൾ മുഖേനയാണ് നൽകുക.
നടൽ, പരിപാലനം, ജലസേചനം തുടങ്ങിയവയെ കുറിച്ച് ക്ലാസുകൾ ഉദ്യോഗസ്ഥർ നൽകും. ഒരു സ്ഥാപനത്തിന് അഞ്ച് യൂനിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. പദ്ധതിയ്ക്ക് അതത് സ്കൂളിലെ അധ്യാപക സംഘടനകളോ, മാനേജ്മെന്റ് പ്രതിനിധികളോ നേതൃത്വം നൽകും. സംസ്ഥാന കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പാക്കി വരുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന-പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്.
താൽപര്യമുള്ള സ്ഥാപനങ്ങൾ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ ഓഫിസുമായോ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് ഹോർട്ടികൾച്ചർ മിഷൻ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

