എയിംസ് കിനാലൂരിന് വീണ്ടും പ്രതീക്ഷ
text_fieldsബാലുശ്ശേരി: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കുട്ടിക്കാഴ്ചയിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ കോഴിക്കോട് കിനാലൂരിലായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കിനാലൂർപ്രദേശത്ത് വീണ്ടും പ്രതീക്ഷയുയർത്തിരിക്കയാണ്. കിനാലൂരിൽ ഭൂമിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറ പ്പാക്കിയിട്ടും കേരളത്തിൽ എയിംസ് അനുവദിക്കാനുള്ള തീരുമാനം നീണ്ടുപോകുന്നതിലും കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉയർത്തിയ നിലപാടും നിലനിൽക്കുമ്പോഴുമാണ് കിനാലൂരിൽ എയിംസ് സ്ഥപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കുമുമ്പാകെ നേരിട്ട് നിലപാട് വ്യക്തമാക്കിയത്.
സ്വന്തം കിടപ്പാടമടക്കമുള്ള ഭൂമി വിട്ടുകൊടുത്തവർ ഏറെ പ്രതീക്ഷയോടെയാണ് ഇത് കാണുന്നത്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ലാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ പ്രസ്താവിച്ചത്. എന്നാൽ പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്വപ്നം യാഥാർഥ്യമായിട്ടില്ല. എയിംസിനു വേണ്ട മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്തത്.
ഇതിൽ 150 ഏക്കർ നേരത്തേ തന്നെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭാവി വികസനവും കൂടി കണക്കിലെടുത്താണ് 100.48 ഏക്കർ (40.68 ഹെക്ടർ) സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഭൂമിയേറ്റെടുക്കലിനായി സർക്കാർ 92.62 ലക്ഷംരൂപ വകയിരുത്തുകയും പ്രാഥമിക ചെലവുകൾക്കായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കിനാലൂർ വില്ലേജിലെ 22.42 ഹെക്ടർ ഭൂമിയിലെ മുഴുവൻ ഫീൽഡിലും സർവെ സബ്ഡിവിഷൻ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നു മുന്നണികളുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന് എയിംസ് കിനാലൂരിൽ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നായിരുന്നു. എയിംസ് പ്രഖ്യാപന ഉണ്ടായാലും ഇല്ലെങ്കിലും കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാട് ആരോഗ്യ മന്ത്രി വീണാ ജോർജും കൈകൊണ്ടിരുന്നു.
ഇന്റഗ്രേറ്റഡ് റിസർച്ച് സെന്ററായി നിർദിഷ്ട എയിംസിനെ വികസിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് കേന്ദ്രത്തിനുള്ളതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന വന്നത്. ഇതാകട്ടെ നാട്ടുകാർക്കിടയിൽ മാത്രമല്ല മന്ത്രിയുടെ പാർട്ടി പ്രവർത്തകർക്കിടയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ആദ്യം കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിൽ പിന്നീട് അത് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം.
സംസ്ഥാന സർക്കാർ നിർദേശിക്കുന്ന സ്ഥലത്താണ് കേന്ദ്രം എയിംസ് അനുവദിക്കാറുള്ളത്. എയിംസിനു വേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിനൊന്നും ഒരു അപാകതയുമില്ലാതെയാണ് കിനാലൂരിൽ സർക്കാർ ഭൂമി കണ്ടെത്തി ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുള്ളതും. സ്വകാര്യ ഭൂമി വിട്ടുകൊടുത്ത ഭൂപരിധിയിലെ താമസക്കാരും കൈവശഭൂമിക്കാരും കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് എത്രയും വേഗം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

