മലയോര ഹൈവേ; ആനക്കല്ലുംപാറ-താഴെ കക്കാട് റോഡ് ടെൻഡർ നടപടിയായി
text_fieldsമലയോര ഹൈവേയുടെ ഭാഗമായ മേലെ കൂമ്പാറ ആനക്കല്ലും പാറ-താഴെ കക്കാട് റോഡിന്റെ നിലവിലെ അവസ്ഥ
കൂടരഞ്ഞി: മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിലെ മേലെ കൂമ്പാറ ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് പ്രവൃത്തി ടെൻഡർ നടപടിയായി. നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയമാകാത്തതിനാൽ ഈ പ്രദേശം അലൈൻമെന്റിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് യാഥാർഥ്യമാകുന്നതോടെ ദീർഘ നാളായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് പരിഹാരമായേക്കും.
2016ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ മലയോര ഹൈവേ നിർമാണ ആലോചനകളിൽ ആനക്കല്ലുംപാറ-അകമ്പുഴ പ്രദേശവാസികളെ പരിഗണിച്ച് റോഡ് അലൈൻമെന്റ് ഈ പ്രദേശത്തുകൂടി കൊണ്ട് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മലയോര ഹൈവേ നിലവാരം അനുസരിച്ചു നിർമാണം സാധ്യമല്ലാത്തതിനാൽ ആ ഭാഗം മലയോര ഹൈവേയിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് 26.5 കോടി രൂപ പ്രസ്തുത റോഡ് കണക്ടിങ് റോഡ് ആയി നവീകരിക്കാൻ അനുവദിച്ച് കിട്ടിയതെന്ന് ലിന്റോ ജോസഫ് എം.എൽ.എ വാർത്ത ക്കുറിപ്പിൽ പറഞ്ഞു. ആറ് മീറ്റർ വീതിയിലാണ് പ്രവൃത്തി നടക്കുക. രണ്ട് പാലങ്ങൾ ഉൾപ്പെടെ 7.2 കി. മീ റോഡാണ് ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

