മെഡിക്കൽ കോളജ് റാഗിങ് കേസ്; സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈകോടതി അനുമതി
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ സസ്പെൻഷൻ നടപടിക്ക് വിധേയരായ 11 രണ്ടാം വർഷ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകി ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ്. മൂന്നു മാസത്തോളം സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് ഹാജരാവുന്നതിന് പര്യാപ്തമായ ഹാജർ ലഭ്യമാക്കാൻ അധിക ക്ലാസുകൾ നൽകണമെന്നും ഇതിന്റെ ചെലവിലേക്കായി ഒരോ വിദ്യാർഥിയും ഒരു ലക്ഷം രൂപ മെഡിക്കൽ കോളജിൽ അടക്കണമെന്നും ഉത്തരവിലുണ്ട്.
ഇക്കഴിഞ്ഞ മേയ് 14ന് സസ്പെൻഷൻ റദ്ദാക്കി വിദ്യാർഥികളെ റെഗുലർ ക്ലാസിൽ ഇരിക്കാൻ കോളജ് അനുവാദം നൽകിയിരുന്നു. മൂന്ന് മാസം ഹാജർ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ആഗസ്റ്റ് 21ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ മതിയായ ഹാജറില്ല.
അധിക ക്ലാസുകൾ എടുത്ത് നൽകിയില്ലെങ്കിൽ വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടും. അതിനാൽ 2024ലെ മെഡിക്കൽ പി.ജി വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയുടെ ആനുകൂല്യം ഈ കേസിൽ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് അനുവദിക്കണം. വിദ്യാർഥികൾ ചെയ്ത തെറ്റിനെ കോടതി ന്യായീകരിക്കുന്നില്ലെന്നും കുറ്റം ആവർത്തിച്ചാൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പറയുന്നു. വിഷയത്തിൽ കോടതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരിൽനിന്ന് വിശദീകരണം തേടിയിരുന്നു.
നാഷനൽ മെഡിക്കൽ കൗൺസിലിന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും ചട്ടങ്ങൾ പ്രകാരം ശിക്ഷാനടപടിക്ക് വിധേയരായി ഹാജർ നഷ്ടപ്പെട്ടവർക്ക് പരീക്ഷ എഴുതാൻ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ റിപ്പോർട്ട്. ഒന്നാം വർഷ വിദ്യാർഥികൾ അതിക്രൂരമായ റാഗിങ്ങിന് വിധേയരായിട്ടുണ്ടെന്ന ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാർഥികളെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

