ഹേമചന്ദ്രൻ കൊലക്കേസ്; ഡി.എൻ.എ പരിശോധന ഫലം വൈകുന്നു
text_fieldsഅറസ്റ്റിലായ നൗഷാദ്, കൊല്ലപ്പെട്ട ഹേമചന്ദ്രൻ
കോഴിക്കോട്: മായനാട് വാടകക്ക് താമസിച്ചിരുന്ന സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഡി.എൻ.എ പരിശോധന ഫലം വൈകുന്നു.
പരിശോധന ഫലം വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഹേമചന്ദ്രന്റെ ഭാര്യ സുബിഷ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാത്തതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ സാധിക്കുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഒന്നരവർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ഇക്കഴിഞ്ഞ ജൂൺ 28നാണ് പൊലീസ് കണ്ടെത്തിയത്. ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധന ഫലംകൂടി ലഭിച്ചശേഷം മൃതദേഹം കൈമാറാനായിരുന്നു പൊലീസ് തീരുമാനം. ഇതനുസരിച്ച് ഹേമചന്ദ്രന്റെ മക്കളുടേയും അമ്മയുടെയും രക്തസാമ്പിളുകൾ ആദ്യം പരിശോധനക്ക് എടുത്തു.
ഒരു മാസം കഴിഞ്ഞും ഫലം ലഭിക്കാതെ വന്നപ്പോൾ കുടുംബത്തിലെ ഒരു പുരുഷന്റെ സാമ്പിൾകൂടി എടുത്തു. എന്നിട്ടും പരിശോധനാഫലം ലഭിച്ചില്ല. കണ്ണൂരിലെ ഫോറൻസിക് ലാബിലാണ് പരിശോധന. മൃതദേഹം ഇപ്പോഴും മെഡി. കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒന്നരവർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രന്റെ (53) മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിലായിരുന്നു കണ്ടെത്തിയത്.
കോഴിക്കോട് മെഡി. കോളജിനു സമീപമുള്ള മായനാട് നടപ്പാലത്തെ വാടകവീട്ടിൽനിന്ന് ടൗണിലേക്കെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാതാവുകയായിരുന്നു. 2024 ഏപ്രിൽ ഒന്നിന് ഭാര്യ മെഡി. കോളജ് പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിലാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി നൗഷാദ്, ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് ജോലിയുള്ള കണ്ണൂർ സ്വദേശിയായ യുവതിക്കും കേസിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

