കനത്ത മഴ: 42 വീടുകൾ തകർന്നു, 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsവടകര: പെരുമഴയിൽ ദുരിതത്തിനറുതിയില്ല. താലൂക്കിൽ 42 ഓളം വീടുകൾ ഭാഗികമായി തകർന്നു. ചൊവ്വാഴ്ച പകൽ മഴക്ക് താൽക്കാലികമായ ശമനമുണ്ടായെങ്കിലും പുലർച്ചയും തിങ്കളാഴ്ച രാത്രിയിലുമായി ആഞ്ഞു വീശിയ കാറ്റിലാണ് വീടുകൾ തകർന്നത്. 35 കുടുംബങ്ങളിലെ 109 പേരെ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി.
കടലാക്രമണ ഭീഷണി നേരിടുന്ന അഴിയൂരിൽ മൂന്ന് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വടകര കസ്റ്റംസ് റോഡ് ഭാഗത്ത് ചെറിയവളപ്പിൽ ചെറിയത്ത് കുഞ്ഞാമി, ചെറിയവളപ്പിൽ ജുബില, ആഷിർ സിവി ചെറിയവളപ്പിൽ, വളപ്പിൽ സലാം, ജുബില ചെറിയവളപ്പിൽ എന്നിവരുടെ വീടുകളിൽ തിരമാല അടിച്ച് വെള്ളം കയറിയതിനാൽ സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. നടക്കുതാഴ കടത്തനാട് വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ഓടിട്ട കെട്ടിടത്തിനു മുകളിൽ തെങ്ങ് കടപുഴകി കെട്ടിടം തകർന്നു.
പുത്തൂർ വള്ളുപറമ്പത്ത് മനോഹരന്റെ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു.
അരയാക്കുൽ താഴയിലെ അബ്ബാഞ്ചേരി യൂസഫിന്റെ വീടിന്റെ ഓട് കാറ്റിൽ പാറിപ്പോയി. അബ്ബാഞ്ചേരി ബൈജുവിന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് കാറ്റിൽ നിലംപൊത്തി. വട്ടക്കണ്ടി ഹമീദ്, കുറുക്കാട്ട് പീടികയിൽ ദിനേശൻ, കളരിയുള്ളതിൽ ചന്ദ്രി എന്നിവരുടെ വീടിനു മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. തച്ചോളി പൊയിൽ ഉല്ലാസിന്റെ വീട്ടിലെ മൂന്ന് തെങ്ങ് മുറിഞ്ഞു വീണു. വീട്ടുകാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കൂടാതെ, നിരവധി വീടുകളിൽ വാഴ, കവുങ്ങ് തുടങ്ങിയവ നിലംപതിച്ചു.
വൈദ്യുതി ലൈനിൽ മരങ്ങൾ വീണ് പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ബോർഡിന് ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായത്. പലയിടങ്ങളിലും പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പാടെ നിലച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി റോഡുകൾ തകർന്ന് വാഹന യാത്രയും കാൽനട യാത്രയും ഏറെ ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

