മഴകനത്തു; നഷ്ടങ്ങളും
text_fieldsകോഴിക്കോട്: ജില്ലയിൽ മഴ അതിശക്തമായതോടെ കെടുതികളും തുടങ്ങി. ഇരുവഴിഞ്ഞി പുഴയിലിറങ്ങിയയാളെ ഒഴുക്കിൽപെട്ട് കാണാതായി. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ. ഉസ്സൻ കുട്ടിയെയാണ് (65) കാണാതായത്. തെയ്യത്തുംകടവിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മുക്കം അഗ്നിരക്ഷാ സേനയും പൊലീസും മുങ്ങൽ വിദഗ്ധരും തിരച്ചിൽ തുടരുകയാണ്. പേമാരിയിലും കാറ്റിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുണ്ട്. വടകര സാന്റ് ബാങ്ക്സിൽ വയൽ വളപ്പിൽ സഫിയയുടെ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. അപകടം നടക്കുമ്പോൾ സഫിയയുടെ മകൻ സമീർ വീട്ടിനകത്തുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മെഡിക്കൽ കോളജിനുസമീപം മൈലാമ്പാടിയിലാണ് മറ്റൊരു വീട് തകർന്നത്. മാനാഞ്ചിറയിൽ മരംകടപുഴകി കാറ് തകർന്നു. കോംട്രസ്റ്റിനോട് ചേർന്ന് നിർത്തിയിട്ട കെ.എൽ -56 ക്യൂ 8062 നമ്പർ സെലേരിയോ കാറിന് മുകളിലാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മരം കടപുഴകിയത്. കാറിനുള്ളിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചാലിയം ബൈത്താനി ഭാഗത്ത് കടൽ ഭിത്തിക്ക് മുകളിലൂടെ തിരമാല അടിച്ചുകയറിയത് അമ്പതോളം വീടുകൾക്ക് ഭീഷണിയായി.
ആരും വീടൊഴിഞ്ഞുപോയിട്ടില്ല. കപ്പലങ്ങാടി, വാക്കടവിന്റെ തെക്കുഭാഗം എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്. ഫറോക്ക് ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി. സമീപത്തെ പ്ലാവാണ് വീണത്. ആർക്കും പരിക്കില്ല. റഹ്മാൻ ബസാർ മീൻപൊയിൽ ഭാഗത്ത് കാട്ടുങ്ങൽ മുസ്തഫയുടെ വീടിന്റെ സൺഷൈഡ് തകർന്നു.
ചാലിയം കുന്നുമ്മൽ ഒസാവട്ടത്ത് മുഹമ്മദ് അൻവറിന്റെ വീടിനു മുകളിലേക്ക് തേക്ക് കടപുഴകി വീടിന് ഭാഗികമായ കേടുപാടുണ്ടായി. കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാതയുടെ ഭാഗമായ മാവൂർ-കൂളിമാട് റോഡ് താത്തൂർ പൊയിലിൽ വയലിലേക്ക് ഇടിഞ്ഞു. റോഡ് ഇടിഞ്ഞതോടെ ഈ ഭാഗത്തെ വാഹന ഗതാഗതം അപകടാവസ്ഥയിലായി.
കുന്ദമംഗലം ചാത്തൻകാവിൽ നടുകണ്ടിയിൽ കോയയുടെ വീടിന്റെ മതിൽ തൊട്ടടുത്ത വീടിന്റെ അരിക് വശത്തേക്ക് ഇടിഞ്ഞു വീണു. പുല്ലാളൂർ പാട്ടോത്ത് പുറായിൽ ഹൈറുന്നിസയുടെ വീടിന്റെ മതിലും തകർന്നു. തോരാതെ മഴ പെയ്തതോടെ ജില്ലയിലെ താഴ്ന്ന ഭാഗങ്ങൾ പലതും വെള്ളത്തിനടിയിലാണ്.
നഗരത്തിൽ മാനാഞ്ചിറ, സ്റ്റേഡിയം ജങ്ഷൻ, മാവൂർ റോഡ് ഉൾപ്പെടെ പ്രധാന പാതകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടത്തും ഏറെനേരം ഗതാഗതക്കുരുക്കുമുണ്ടായി. കല്ലുത്താൻ കടവ് ഭാഗത്ത് തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് കടപുഴകി. റോഡിലൂടെ പോയ ബൈക്ക് യാത്രികനും പരിക്കേറ്റു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വളപ്പിലെ മരം റോഡിലേക്ക് കടപുഴകി.
കോർട്ട്റോഡിൽ മരക്കൊമ്പ് പൊട്ടിവീണു. പറയഞ്ചേരിയിൽ കുറ്റൻ ബോർഡിലെ ഫ്ലക്സ് റോഡിനു കുറുകെയുള്ള കേബിളിലേക്ക് പറന്നുവീണതും ഭീതി പരത്തി. ബീച്ച് അഗ്നിരക്ഷാ സേനയാണ് ഇത് നീക്കിയത്. മഴക്കെടുതികൾ നേരിടാൻ ദുരന്ത നിവാരണ വകുപ്പും സജ്ജമാണ്.
വെള്ളം കയറുന്ന സ്ഥലങ്ങളിൽനിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ല കലക്ടർ എ. ഗീത തഹസിൽദാർമാർക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.