തോരാമഴ... മാറാതെ ദുരിതം
text_fieldsകോഴിക്കോട് -പറയഞ്ചേരി റോഡിൽ വെള്ളക്കെട്ട് ചാടിക്കടക്കുന്നവർ
കോഴിക്കോട്: പരക്കെ ദുരിതവും നാശവും വിതച്ച് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. നാലുദിവസമായി തുടരുന്ന മഴയിൽ മണ്ണിടിഞ്ഞും മരങ്ങൾ മുറിഞ്ഞുവീണും വ്യാപക നാശമാണ് പലഭാഗത്തുമുണ്ടായിരിക്കുന്നത്. ശക്തമായ കാറ്റും മലയിടിച്ചിൽ ഭീഷണിയും തുടരുന്ന ജില്ലയിൽ റെഡ് അലർട്ടും തുടരുകയാണ്.
മലയോര മേഖലകളിലടക്കം പുഴകൾ നിറഞ്ഞു കവിയുന്നത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും മുൻകരുതൽ നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം ആശങ്ക അകറ്റുന്നുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും ദുരന്തനിവാരണസേനയും ജാഗരൂകരായി സജീവമായി രംഗത്തുണ്ട്. മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളിൽ വീണ് മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു.
കനത്തമഴയിൽ ആയഞ്ചേരി പൈങ്ങോട്ടായി പുലച്ചാർക്കണ്ടി മാതുവിന്റെ വീട് തകർന്നു. തിരുവള്ളൂർ കോട്ടപ്പള്ളി പള്ളിമുക്കിൽ വായേരി നസുറുദ്ദീന്റെ വീടിനു മുകളിൽ മരം കടപുഴകി ഭാഗികമായി തകർന്നു. മരുതോങ്കരയിൽ മൂന്നിടങ്ങളിൽ റോഡിൽ മരം പൊട്ടിവീണ് ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ തകർന്നു. ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.
ഞായറാഴ്ച രാത്രി കക്കട്ടിൽ വട്ടോളിയിൽ കനാലിൽ നിയന്ത്രണംവിട്ട് കാർ വീണു. യാത്രക്കാർ രക്ഷപ്പെട്ടു. കനത്ത മഴയിലും കാറ്റിലും താഴെ പടനിലത്ത് കൂറ്റൻ പരസ്യ ബോർഡ് റോഡിലേക്ക് വീണ് ഏറെനേരം പടനിലം-പിലാശ്ശേരി റോഡിൽ ഗതാഗതം മുടങ്ങി. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വടകര ഭാഗത്ത് 20ഓളം വീടുകളിൽ വെള്ളം കയറി. കക്കോടി, ചേളന്നൂർ, എലത്തൂർ ഭാഗങ്ങളിൽ വെള്ളക്കെട്ടുമൂലം ജനങ്ങൾ ദുരിതത്തിലായി. തലക്കുളത്തൂരിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശമുണ്ടായി. ചാലിയാറും ചെറുപുഴയും കരകവിഞ്ഞതിനെത്തുടർന്ന് മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മൂന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്പുറം സത്യൻ, പുലിയപ്പുറം ശ്രീധരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കോഴിക്കോട്- മുക്കം റോഡിൽ വെസ്റ്റ് മാമ്പറ്റയിൽ കുറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇരുവഴിഞ്ഞി കരകവിഞ്ഞതിനെത്തുടർന്ന് കൊടിയത്തൂരിലെ താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കൊടിയത്തൂർ കാരാട്ട് റോഡ്, എള്ളങ്ങൾ വെസ്റ്റ് കൊടിയത്തൂർ റോഡ് എന്നിവ വെള്ളത്തിനടിയിലായി. നടുവണ്ണൂരിൽ രാമൻ പുഴ കരകവിഞ്ഞൊഴുകുന്നു.
12ാം വാർഡിൽ രാമൻ പുഴയോരത്ത് കുനിയിൽതാഴെ പ്രദേശത്ത് വെള്ളം കയറി അംഗൻവാടി വെള്ളത്തിനടിയിലായി. കാട്ടില പീടിക കൈരളി എം.എസ്.എസ് സ്കൂളിനു മുൻവശം കിണർ ഇടിഞ്ഞുതാഴ്ന്നു. ബാലുശ്ശേരിയിൽ വെള്ളം കയറി പത്തോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഏഴാം വാർഡിൽപ്പെട്ട ആറാളക്കൽതാഴം, എടപ്പാടി താഴം ഓച്ചത്ത് താഴം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മഴയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകരയില്‍ ഒരു ക്യാമ്പും തുറന്നു. 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
കോഴിക്കോട് താലൂക്കില്‍ തുറന്ന രണ്ട് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 17 സ്ത്രീകളും ഒമ്പത് പുരുഷന്‍മാരുമും നാല് കുട്ടികളുമുൾപ്പെടെ 30 പേരാണ് കഴിയുന്നത്. വടകര താലൂക്കില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 20 സ്ത്രീകളും 22 പുരുഷന്മാരും 16 കുട്ടികളുമുള്‍പ്പെടെ 58 പേര് കഴിയുന്നുണ്ട്.
ജാഗ്രത നിർദേശങ്ങൾ
- മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം.
- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
- അപകടാവസ്ഥയിലുള്ള മരങ്ങൾ /പോസ്റ്റുകൾ /ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുമാണ്.
- ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം.
- ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക.
- കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
- വൈദ്യതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലും നടപ്പാതകളിലും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

