കനത്ത മഴ: വെള്ളക്കെട്ടിലും മാലിന്യത്തിലും മുങ്ങി നഗരം
text_fieldsകനത്ത മഴയിൽ വെള്ളം കയറിയ മൊഫ്യൂസിൽ ബസ് സ്റ്റാൻ്റ്
കോഴിക്കോട്: തിങ്കളാഴ്ച പെയ്ത അപ്രതീക്ഷിത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി നഗരം. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്കും മൊഫ്യൂസിൽ സ്റ്റാൻഡിനുമിടയിൽ ഓടകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി. മാവൂർ റോഡിൽ പട്ടേരി മുതൽ തൊണ്ടയാട് വരെ റോഡ് പുഴപോലെ ആയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബൈക്കുകളും സ്കൂട്ടറുകളും വെള്ളത്തിലകപ്പെട്ട് ഓഫായത് ഇരുചക്ര യാത്രക്കാരെ വലച്ചു. സ്റ്റേഡിയം ജങ്ഷനിലും രാജാജി റോഡിലും മാനാഞ്ചിറ സെൻട്രൽ ലൈബ്രറിക്ക് മുന്നിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
കനത്ത മഴയിൽ വെള്ളം കയറിയ രാജാജി റോഡ്
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മഴ പെയ്തതത്. തികച്ചും അപ്രതീക്ഷിതമായി പെയ്ത മഴയിലാണ് ആദ്യം നഗരം മുങ്ങിയത്. മാവൂർ റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് മുന്നിലെ ഓടയിൽനിന്ന് വഴുവഴുപ്പുള്ള ഗ്രീസും മാലിന്യങ്ങളും പൊങ്ങിയതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. നടപ്പാതയിൽ കാൽനട യാത്രക്കാർ വഴുതിവീഴാൻ തുടങ്ങിയതോടെ കോർപറേഷൻ ജീവനക്കാർ മാലിന്യം നീക്കം ചെയ്തെങ്കിലും ഇതിന്‍റെ അവശിഷ്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി.
കനത്ത മഴയിൽ വെള്ളം കയറിയ മാവൂർ റോഡ്
മഴ ശമിക്കുകയും വെള്ളം ഇറങ്ങുകയും ചെയ്ത ആശ്വാസത്തിൽ നിൽക്കെ, വൈകീട്ട് അഞ്ച് മണിയോടെ വീണ്ടും ശക്തമായ മഴയുണ്ടായി. ഒരുമണിക്കൂറോളം പെയ്ത മഴയിൽ മിക്ക റോഡുകളും മുങ്ങി. ഇടറോഡുകളിലും വെള്ളം കയറിയതോടെ നഗരം രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കിലമർന്നു. മാവൂർ റോഡിലെ ഓടയിൽനിന്ന് വീണ്ടും മാലിന്യങ്ങൾ പൊങ്ങിയത് ദുരിതം വർധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ കടകൾക്ക് ഉള്ളിലേക്ക് വരെ മാലിന്യം ഒഴുകിയെത്തി. മാവൂർ റോഡിൽ എത്രയോ കാലമായി തുടരുന്ന വെള്ളക്കെട്ടും മാലിന്യവും ശാശ്വതമായി പരിഹരിക്കാൻ ഒരുവിധ നടപടിയും കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കനത്ത മഴയിൽ മാനാഞ്ചിറ ലൈബ്രറിക്ക് മുന്നിലെ റോഡുകളിൽ വെള്ളം കയറിയ നിലയിൽ
കോർപറേഷനും സ്ഥലം എം.എൽ.എയും വൻകിട പദ്ധതികളുടെ പിറകെ പായുമ്പോൾ നഗരത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നാണ് ആക്ഷേപം. മഴപെയ്താൽ മാലിന്യമയമാകുന്ന നഗരത്തിന്‍റെ അവസ്ഥ പരിഹരിക്കാതെ ‘യൂറോപ്യൻ മോഡൽ’ നടപ്പാക്കാനുള്ള ചർച്ചകളാണ് സംഘടിക്കപ്പെടുന്നത്. ഇടക്ക് പെയ്യുന്ന ശക്തമായ മഴയിൽതന്നെ നഗരം മുങ്ങുന്ന അവസ്ഥയിൽ, ഈവർഷം കാലവർഷം ശക്തി പ്രാപിക്കാതിരുന്നത് ആശ്വാസമായെന്ന് കരുതുകയാണ് യാത്രക്കരും നഗരവാസികളും വ്യാപാരികളും.
ചിത്രങ്ങൾ: പി. സന്ദീപ്, പി. അഭിജിത്ത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

