കനത്തമഴ; കുറ്റ്യാടി ടൗണിൽ രണ്ടാം ദിവസവും വെള്ളപ്പൊക്കം
text_fieldsകനത്തമഴയിൽ കുറ്റ്യാടി ടൗണിൽ യതീംഖാന റോഡിലെ
സ്ഥാപനങ്ങളിൽ വെള്ളം കയറിയപ്പോൾ
കുറ്റ്യാടി: തിങ്കളാഴ്ച ഉച്ചമുതൽ തുടങ്ങിയ കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ വീണ്ടും വെള്ളപ്പൊക്കം. നാദാപുരം റോഡ്, യതീംഖാന റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിലാണ് വെള്ളം പൊങ്ങിയത്. യതീംഖാന റോഡിൽ മൈക്രോ ലാബ്, ജപ്പാൻ സെന്റർ, ശക്തി ഡ്രഗ്സ്, ഐസ്ക്രീം കട, ഐസോൺ ഒപ്റ്റിക്കൽസ്, തുണിക്കട, ചെരിപ്പ് കട എന്നിവിടങ്ങളിൽ വെള്ളമെത്തി. നാദാപുരം റോഡിൽ ചരതം സ്കൂൾ ബസാർ, സമീപത്തെ റെഡിമെയ്ഡ് കട, ടൂൾടെക് ഗോഡൗൺ എന്നിവിടങ്ങളിലും വെള്ളമെത്തി. ഈ റോഡ് ഗവ. ആശുപത്രിവരെ പ്രളയസമാപനമായിരുന്നു. വയനാട് റോഡിൽ പെട്രോൾ പമ്പ് മുതൽ 50 മീറ്ററോളം ദൂരം വെള്ളം പൊങ്ങി. ഗതാഗതവും തടസ്സപ്പെട്ടു.
കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ വീട്ടിലേക്കുള്ള റോഡിലും വെള്ളമെത്തി. വിവിധ കുന്നിൻ പ്രദേശങ്ങളിൽനിന്നടക്കം കുതിച്ചെത്തുന്ന മഴവെള്ളം ടൗണിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. രാത്രിയും മഴ തുടരുകയുണ്ടായി. തോട്ടിലേക്ക് വിടുന്ന ഓവുകൾക്ക് വിസ്താരമില്ല. തോട് കൈയേറി വീതി കുറച്ചതിനാൽ വെള്ളം പുഴയിലേക്ക് വാർന്നുപോകുന്നുമില്ല. ഓവുകൾ വൃത്തിയാക്കാത്തതും നിർമാണപ്രവൃത്തി സ്തംഭിച്ചതും വെള്ളപ്പൊക്കത്തിന് കാരണമായി പറയുന്നു.