നാശംവിതച്ച് കാറ്റും മഴയും: മതിലിടിഞ്ഞും മരം കടപുഴകിയും വീടുകൾക്ക് കേടുപാട്
text_fieldsഈസ്റ്റ് നടക്കാവ് പ്രശോബിന്റെ വാഹന റിപ്പയർ കടയിൽ മഴവെള്ളം കയറിയ നിലയിൽ
കോഴിക്കോട്: ശക്തമായ കാറ്റും മഴയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലടക്കം നാശം വിതച്ചു. ശനിയാഴ്ച രാത്രിയുണ്ടായ മഴയിൽ കാരശ്ശേരിയിലെ തോട്ടക്കാട് മലയിലും കിഴക്കോത്തെ പാലോറ മലയിലുമാണ് മണ്ണിടിച്ചിലുണ്ടായത്. പാലോറയിലെ മൂന്നു വീടുകൾക്ക് കേടുപാടുണ്ട്. പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തു. മതിലിടിഞ്ഞും മരങ്ങൾ കടപുഴകിയും വീടുകൾക്കും നാശമുണ്ട്.
മാവൂർ കതിരാടം, അരയങ്കോട് മുക്കിൽ നിരവധി വീടുകളുടെ പാർശ്വഭിത്തി ഇടിഞ്ഞു. മേലേ ചാലുമ്പാട്ടിൽ അബ്ദുല്ലയുടെ വീടിെൻറ അടുക്കളഭാഗത്തെ മതിൽ തകരുകയും ചുവരിന് വിള്ളലുമുണ്ടായി. കോഞ്ഞാലി കോട്ടുമ്മൽ മുഹമ്മദിെൻറ കിണർ ഇടിഞ്ഞു. ആലിൻചുവട് പെരിക്കാക്കോട്ട് ചെട്ടിക്കാതോട്ടത്തിൽ റോണിഷ് മാത്യുവിെൻറ വീടിെൻറ മേൽക്കൂര തെങ്ങ് വീണ് തകർന്നു. ഓമശ്ശേരിയിൽ വീടിെൻറ മതിലിടിയുകയും അങ്ങാടിയിലെ പത്തോളം കടകളിലേക്ക് െവള്ളം കയറുകയും ചെയ്തു. മുക്കം ടൗണിൽ ഓടനിർമാണം പൂർത്തിയാകാത്തതിനാൽ റോഡിലെ വെള്ളം ഒഴിഞ്ഞുപോവാത്തത് ദുരിതമായി. ഇൗ ഭാഗത്ത് മൂന്നു കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു. കൊടിയത്തൂർ ചുള്ളിക്കാപറമ്പിൽ മതിലിടിഞ്ഞ് വീടിന് ഭാഗിക കേടുപാടുണ്ടായി.
കൊടുവള്ളിയിൽ രണ്ടു വീടുകളുെട ചുറ്റുമതിലിടിഞ്ഞും നാശമുണ്ടായി. ദേശീയപാതയിൽ പാലക്കുറ്റി, വാവാട്, മോഡേൺ ബസാർ എന്നിവിടങ്ങളിൽ ഏറെനേരം വെള്ളക്കെട്ടുണ്ടായി. തിരുവമ്പാടി അങ്ങാടിയിൽ കടകളിലേക്ക് വെള്ളം കയറി. കാരപ്പറമ്പ് എൽ.ഐ.സി ഫ്ലാറ്റ് വളപ്പിലെ െതങ്ങ് സമീപത്തെ ഹൈദ്രോസിെൻറ വീടിനു മുകളിലേക്കു വീണ് കേടുപാടുണ്ടായി. ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴത്തുൾപ്പെടെ വലിയ വെള്ളക്കെട്ടുണ്ടാവുകയും സമീപത്തെ കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു. ജില്ലയുടെ പലഭാഗത്തും വാഴകൃഷിക്കുൾപ്പെടെ നാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

