മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഒളിയമ്പ്;മണ്ഡലംതല കൺവെൻഷനിൽ ചൂടേറിയ ചർച്ച
text_fieldsകോഴിക്കോട്: മൂന്നു തവണയും അതിലേറെയും തുടർച്ചയായി മത്സരിച്ച് ജയിച്ചവർ തെരഞ്ഞെടുപ്പുകളിൽനിന്ന് മാറിനിൽക്കണമെന്ന എൻ.സി.പി-എസ് പ്രമേയം പാർട്ടിയിൽ വിഭാഗീയതക്ക് തിരി കൊളുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന പ്രമേയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുകൂടി ബാധകമാക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് വിലയിരുത്തുന്നത്.
എലത്തൂരിൽ നിലവിലെ എം.എൽ.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ മത്സരിക്കാതിരിക്കാൻ ഒരു മുഴം മുമ്പേ എറിഞ്ഞതാണ് മാർഗരേഖയെന്നാണ് വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മൂന്നു തവണ തുടർച്ചയായി മത്സരിക്കുന്നത് അപൂർവമാണെന്ന യാഥാർഥ്യം നിലനിൽക്കെയാണ് വളഞ്ഞുപിടിച്ച് ശശീന്ദ്രനെതിരെ നീക്കം തുടങ്ങിയത്. എലത്തൂരിൽ ശശീന്ദ്രൻ തന്നെ മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും ഒരു വിഭാഗം പ്രചാരണം തുടങ്ങിയിരുന്നു. ഇത് ചർച്ചയായതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടി ജില്ല നയരേഖ എന്ന നിലയിൽ എല്ലാ മണ്ഡലംതല കൺവെൻഷനിലും പ്രമേയം അവതരിപ്പിച്ചു.
പുതു തലമുറക്ക് അവസരങ്ങൾ നൽകുന്നതിന് ഇത്തരം നിലപാട് അനിവാര്യമാണെന്നും സമ്മേളനങ്ങളിൽ വ്യക്തമാക്കപ്പെട്ടു. 30 കൊല്ലം എം.എൽ.എയും 10 കൊല്ലം മന്ത്രിയുമായ എൺപതുകാരനായ ശശീന്ദ്രൻ മാറിനിൽക്കണമെന്ന അഭിപ്രായം പാർട്ടി ജില്ല ഘടകത്തിൽ ശക്തമായി ഉയർത്തുകയാണ് ഒരു വിഭാഗം. മണ്ഡലംതല സമ്മേളനങ്ങളിൽ മൂന്നുതവണ കാലാവധി ചർച്ചക്ക് വരുമ്പോൾ അസംബ്ലി തെരഞ്ഞെടുപ്പിലും ബാധകമാക്കണമെന്ന നിർദേശവും ഉയർത്താൻ ശശീന്ദ്രൻ വിരുദ്ധ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ 20 മണ്ഡലങ്ങളിൽ പാർട്ടി കൺവെൻഷൻ നടത്തിക്കഴിഞ്ഞു. ചേളന്നൂർ േബ്ലാക്ക് കൺവൻഷനിൽ ഇൗ നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രൻ തുറന്നടിക്കുകയും ജയിക്കുന്നവർ മത്സരിക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും പറഞ്ഞിരുന്നു. വലിയ വിഭാഗം ശശീന്ദ്രന്റെ വാദത്തിനൊപ്പമായതും പാർട്ടിയിൽ പൊരുത്തക്കേടുകൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 16ന് കോഴിക്കോട് ചേർന്ന ലീഡേഴ്സ് മീറ്റിൽ അവതരിപ്പിച്ച മൂന്നു കരട് രേഖയിൽ ഒന്നായിരുന്നു മൂന്നു തവണ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

