കൊടും ചൂട്... ചുട്ടുപൊള്ളുന്നു
text_fieldsമിഠായിതെരുവിലെ തിരക്കിനിടയിൽ ദാഹമകറ്റുന്ന സ്ത്രീ
കോഴിക്കോട്: കൊടുംചൂടിൽ ചുട്ടുപൊള്ളി നാടും നഗരവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ചൂടിന് ഒട്ടും കുറവില്ല. കോഴിക്കോട്ട് 35 ഡിഗ്രി സെൽഷ്യസിലേറെയാണ് അന്തരീക്ഷ ഊഷ്മാവ് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മിന്നോലോടുകൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴ ഉണ്ടാകുമെങ്കിലും മേയ് 20വരെ സമാന രീതിയിലായിരിക്കും അന്തരീക്ഷ ഊഷ്മാവ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥവുമായ കാലാവസ്ഥയായിരിക്കും.
മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ, വയോജനങ്ങൾ, വെയിലത്ത് ജോലി ചെയ്യുന്നവർ, വളർത്തുമൃഗങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി ജാഗ്രത നിർദേശം ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവർക്കും യാത്രക്കാർക്കും സൂര്യാഘാത സാധ്യതയടക്കം മുൻനിർത്തി ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്തുണ്ട്. വേനൽ ചൂട് കനത്തതോടെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കും സാധ്യത ഏറെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീപിടിത്ത ജാഗ്രത നിർദേശവുമുണ്ട്.
നഗര പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 11നും ഉച്ചതിരിഞ്ഞ് മൂന്നിനും ഇടയിലാണ് സൂര്യന് ഉച്ചസ്ഥായിയിലാകുന്നത്. ഈസമയം താപനില ഉരുന്നതിനൊപ്പം അന്തരീക്ഷ ഈര്‍പ്പം കൂടിയാകുമ്പോൾ ചൂട് അസഹ്യമാവുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. കുളങ്ങൾ, കൈത്തോടുകൾ അടക്കമുള്ള ജലാശയങ്ങൾ മിക്കതും വറ്റിവരണ്ടതോടെ കിണറുകളിലെ ജലനിരപ്പും പലയിടത്തും താഴ്ന്നിട്ടുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി, കുറ്റ്യാടി ജലസേചന പദ്ധതി കനാൽ തുറന്നതും ആശ്വാസമാണ്.
ചിലയിടങ്ങളിൽ നെല്ല്, വാഴ, തെങ്ങ് കൃഷിയെ വേനൽ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വിഷുവോടെ പൂർത്തീകരിച്ചതിനാൽ വലിയ പ്രതിസന്ധിയില്ല. ചൂട് കനത്തതോടെ പഴ വിപണിയിലാണ് വലിയ ഉണർവുള്ളത്. തണ്ണിമത്തൽ, ഓറഞ്ച്, പപ്പായ, മുന്തിരി, പൈനാപ്പിൾ, മാങ്ങ തുടങ്ങിയവക്ക് വലിയ ഡിമാൻഡാണ്.
പകൽ ചൂട് അസഹ്യമായതോടെ നിർമാണ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരിലധികവും തൊഴിൽ സമയം ക്രമീകരിച്ചിട്ടുണ്ട്. ചൂട് വിവിധ വ്യാപാര മേഖലയെയും നേരിയ തോതിൽ ബാധിച്ചു. ഇതോടെ മിഠായിത്തെരുവ് അടക്കമുള്ള ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഗ്രീൻ ഷേഡ് ഒരുക്കിയിട്ടുണ്ട്. വലിയങ്ങാടിക്ക് നേരത്തെ ഷീറ്റ് മേൽക്കൂരയുണ്ട്.
ശ്രദ്ധിക്കാം
- പകല്‍ 11 മുതൽ നാലുവരെ കഴിവതും വെയില് കൊള്ളരുത്
- പകല്‍ സമയത്ത് തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം.
- കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം.
- വെള്ളം, ജ്യൂസ്, പഴങ്ങള്‍ തുടങ്ങിയവ കൂടുതൽ കഴിക്കണം
- ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
- കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.
- വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
- ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ നല്ലതാണ്.
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ-നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടിത്ത ജാഗ്രത വേണം.
- വിനോദത്തിനും പരിശീലനത്തിനും പോകുന്ന കുട്ടികൾക്ക് നേരിട്ട് ചൂടേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
- രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവർക്ക് പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- -പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ ആവശ്യമായ കുടിവെള്ളവും തണലും ഒരുക്കണം.
- നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം.
- കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.
- ചൂടിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

