ആരോഗ്യ വിഭാഗം പരിശോധന; കച്ചവട സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും
text_fieldsകുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കടകളിൽ
പരിശോധന നടത്തുന്നു
കുന്ദമംഗലം: കാരന്തൂർ, മർകസ് പരിസരം, കുന്ദമംഗലം, പൈങ്ങോട്ടുപുറം തുടങ്ങിയ ഇടങ്ങളിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വസംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് അധികൃതർ പിഴയിടുകയും ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 2000 രൂപയാണ് പിഴയീടാക്കിയത്.
ഉപയോഗിച്ചശേഷം ഒഴിവാക്കാതെ മാറ്റിവെച്ച എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു. ലേബൽ ഇല്ലാത്ത പാക്കറ്റ് പലഹാരങ്ങൾ പിടിച്ചെടുത്തു. ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രീസർ വൃത്തിഹീനമായിരുന്നു. കടയിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തത് അധികൃതരുടെ ശ്രദ്ധയിൽപെട്ടു. ചില കടകളിൽനിന്ന് വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ നൽകാൻ സ്ഥാപനങ്ങൾക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം പെരുവയൽ പഞ്ചായത്തിൽ ശീതളപാനീയ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മസാല സോഡ, ഉപ്പിലിട്ട വസ്തുക്കൾ തുടങ്ങിയവക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം കുന്ദമംഗലം പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ പൈങ്ങോട്ടുപുറം ഭാഗങ്ങളിലേക്ക് ഈ കച്ചവടങ്ങൾ മാറ്റിയിരുന്നു എന്ന വിവരമറിഞ്ഞ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രവർത്തകർ അവിടങ്ങളിലും പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്ത്, ജൂനിയർ സൂപ്രണ്ട് എ.കെ. സൂരജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. സനൽ കുമാർ, സി.പി. അക്ഷയ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

