‘വെൽഡനായി’ നഗരാരോഗ്യം; നഗരപരിധിയിൽ 12 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ
text_fieldsകോർപറേഷൻ മൊകവൂരിൽ ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
കോഴിക്കോട്: എല്ലാവർക്കും ആരോഗ്യമെന്ന കോർപറേഷൻ ആരോഗ്യ നയത്തിന്റെ ഭാഗമായി തുടങ്ങാനാരംഭിച്ച 24 ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകളിൽ 12 എണ്ണം യാഥാർഥ്യമായി. മേത്തോട്ടുതാഴം, മാത്തോട്ടം, വേങ്ങേരി, മായനാട്, കോട്ടൂളി, പുത്തൂർ, നദീനഗർ, പയ്യാനക്കൽ, സിവിൽസ്റ്റേഷൻ, മൂഴിക്കൽ, വെസ്റ്റ്ഹിൽ, മൊകവൂർ എന്നിവിടങ്ങളിലാണ് സെന്ററുകൾ തുറന്നത്.
ചെട്ടികുളം, നടുവട്ടം, ചേവരമ്പലം, ചേവായൂർ, പാറോപ്പടി, കുതിരവട്ടം, നെല്ലിക്കോട്, പൂളക്കടവ്, ചെറുവണ്ണൂർ, ബേപ്പൂർ പോർട്ട്, പാറോപ്പടി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് സെന്ററുകൾ. ഇതിൽ എട്ടെണ്ണം മാർച്ച് 15നകവും അവശേഷിച്ചവ മാർച്ച് 24നുള്ളിലും ഉദ്ഘാടനം ചെയ്യുമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. എല്ലായിടത്തും നിർമാണം അന്തിമഘട്ടത്തിലാണ്.
വിവിധ വാർഡുകളിലായി സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഫണ്ടുകളടക്കം പ്രയോജനപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്.
നഗരസഭയിലെ എല്ലാ ജനങ്ങൾക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഒരുപോലെ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പാക്കുന്ന പദ്ധതി, ഓരോ അർബൻ പ്രൈമറി ഹെൽത്ത് സെൻററിന്റെ കീഴിലും മൂന്ന് വീതം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ എന്ന തോതിലാണ്. ഇതുപ്രകാരം രണ്ടോ, മൂന്നോ വാർഡുകൾക്ക് എന്നോണം രണ്ട് കിലോമീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
ഉച്ച ഒരു മണി മുതൽ വൈകീട്ട് ഏഴുവരെ ഒ.പി സേവനം സെന്ററുകളിൽ ലഭ്യമാണ്. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ നാലു ജീവനക്കാരാണ് സെന്ററുകളിലുണ്ടാവുക. ദിനേന നൂറ്റമ്പതോളം പേർക്കുള്ള ചികിത്സ സൗകര്യം ഉറപ്പാക്കും.
ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷൻ, പകർച്ചവ്യാധി നിയന്ത്രണവും ചികിത്സയും, പകർച്ചേതര രോഗ ചികിത്സ തുടങ്ങി സാധാരണ പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ലഭ്യമാകുന്ന സേവനങ്ങൾ കൂടാതെ, വെൽനസ് പ്രവർത്തനങ്ങളായ കൗമാരക്കാർക്കുള്ള പ്രത്യേക ക്ലിനിക്കുകൾ, ജീവിതശൈലീരോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവയെ നിയന്ത്രിക്കുന്നതിനാവശ്യമായ ബോധവത്കരണ ക്ലാസുകൾ, കൗൺസലിങ്, യോഗ പരിശീലനത്തിനുള്ള സൗകര്യം, ഓപൺ ജിം, വയോജനങ്ങൾക്കുള്ള സായാഹ്ന ഉല്ലാസകേന്ദ്രം എന്നീ നിലയിലും ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കും. ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ആയുഷ് മിഷൻ എന്നിവയുമായി ചേർന്നാണ് വെൽനസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ശനിയാഴ്ച മൊകവൂർ പെരിങ്ങിണി ജങ്ഷനിൽ ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ റിപ്പോർട്ടവതരിപ്പിച്ചു. ആരോഗ്യകാര്യം സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, കൗൺസിലർമാരായ എസ്.എം. തുഷാര, വി.പി. മനോജ്, ഇ.പി. സഫീന, കെ. റീജ, സി.വി. ആനന്ദകുമാർ, മഹേഷ്, മെഡിക്കൽ ഓഫിസർമാരായ ഡോ. നിജിൻ, ഡോ. റൂബി എന്നിവരും ബാലഗോപാലൻ കോവിളി, രാഹുൽ വെള്ളാങ്കൂർ, സി.കെ. സുരേഷ്, സുനിൽ കുമാർ കിഴക്കയിൽ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

