നീതി തേടി ഹർഷിന വീണ്ടും തെരുവിലേക്ക്; 13ന് സത്യഗ്രഹം
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് (കത്രിക) കുടുങ്ങി യാതന അനുഭവിച്ച ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്. ‘വൈകുന്ന നീതി അനീതിയാണ്, ഹർഷിനക്ക് നീതി ഉറപ്പാക്കുക’ മുദ്രാവാക്യമുയർത്തി ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ 13ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ സത്യഗ്രഹ സമരം നടക്കും. സമരം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും അറിയിച്ചു.
ഹർഷിനക്ക് ഒപ്പമുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, പ്രതികൾക്ക് ഹൈകോടതിയിൽനിന്ന് വിചാരണക്ക് സ്റ്റേ ലഭിക്കാൻ ഇടയായ സാഹചര്യത്തിലും സർക്കാർ നഷ്ടപരിഹാരം അനുവദിക്കാത്ത സാഹചര്യത്തിലുമാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന ജനുവരി 18ന് കോഴിക്കോട് സിവിൽ കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. സർക്കാർ നിയോഗിച്ച പ്രോസിക്യൂഷൻ തങ്ങൾക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് പ്രതികൾക്ക് ഹൈകോടതിയിൽനിന്ന് സ്റ്റേ ലഭിക്കുന്ന സാഹചര്യമുണ്ടായതെന്ന് ഹർഷിനയും സമര സമിതിയും പറഞ്ഞു.
മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ 2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ അടക്കം നാലുപേരെ പ്രതിചേർത്ത് മെഡിക്കൽ കോളജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈകോടതിയെ സമീപിക്കുകയും ഇക്കഴിഞ്ഞ ജൂണിൽ സ്റ്റേ വാങ്ങുകയും ചെയ്തു.
ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ചുവർഷത്തിന് ശേഷമാണ് പുറത്തെടുത്തത്. വിഷയത്തിൽ തുടക്കം മുതൽ ഡോക്ടർമാരെ സംരക്ഷിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ ശ്രമം. മൂന്ന് പ്രസവ ശസ്ത്രക്രിയകൾ നടത്തിയ ഹർഷിനയുടെ വയറ്റിൽ എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ വകുപ്പ് ആദ്യം സ്വീകരിച്ച നിലപാട്. വിമർശനവും പ്രതിഷേധവും ശക്തമായതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ശുദ്ധിപത്രം നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ടുപോവാൻ സർക്കാർ അനുമതി നൽകിയത്. വിഷയത്തിൽ നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസം നീണ്ട സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

