പ്രീജിത്ത്ദേവ് കടലുണ്ടിക്ക് ഗിന്നസ് അംഗീകാരം
text_fieldsസ്വകാര്യ ചാനലിലെ ഗിന്നസ് റെക്കോഡ് നേടിയ കോമഡി ഉത്സവം തത്സമയ പരിപാടിയിൽ പങ്കാളിയായ പ്രീജിത്ത്ദേവ് കടലുണ്ടിക്ക് ഗിന്നസ് ബുക്ക് അംഗീകാരം ലഭിച്ചു. 2018 ഡിസംബർ 23ന് അങ്കമാലി അഡ്ലസ് കൺവെൻഷൻ സെൻററിൽ ഫ്ലവേഴ്സ് ചാനൽ 12 മണിക്കൂർ തത്സമയ പരിപാടിയിൽ 1525 പേർ ഉൾപ്പെട്ട ശബ്ദാനുകരണകലയിൽ പങ്കാളിയായതിനാണ് ഗിന്നസ് അംഗീകാരം.
ഇതുസംബന്ധിച്ച് സാക്ഷ്യപത്രവും മെഡലും കഴിഞ്ഞ ദിവസം കൊറിയർ വഴി ഇദ്ദേഹത്തിന് ലഭിച്ചു.
മണ്ണൂർ അങ്ങാടി വീട്ടിൽ ദേവദാസെൻറയും ലീലയുടെയും മകനായ നാൽപതുകാരൻ ചെറുപ്പം മുതൽ അനുകരണകലയിൽ തൽപരനാണ്. കോളജ് പഠനകാലത്ത് മിമിക്രിക്ക് പുറമെ നാടകം, മോണോആക്ട് തുടങ്ങിയ ഇനങ്ങളിലും നിരവധി ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വൈവിധ്യപൂർണമായ നിരവധി ഇനങ്ങൾ അവതരിപ്പിക്കുന്ന ഇദ്ദേഹം ഒരേസമയം രണ്ട് ശബ്ദങ്ങൾ അനുകരിക്കുന്ന അപൂർവ ഇനത്തിലും മിടുക്കനാണ്. ബബിതയാണ് ഭാര്യ. മക്കൾ: നന്ദകിഷോർ, ശിവാത്മിക.