ഫ്രീഡം ക്വിസിലേക്ക് വീണ്ടും ‘ഗ്രാൻഡ് എൻട്രി’; ജി.എസ്. പ്രദീപ് അറിവിന്റെ അശ്വമേധം നയിക്കും
text_fieldsജി.എസ്. പ്രദീപ്
കോഴിക്കോട്: ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെ ഒരുക്കുന്ന ‘ഫ്രീഡം ക്വിസ്’ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ അറിവിന്റെ അശ്വമേധം നയിക്കാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് എത്തും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും പോരാട്ടവീര്യവും പുതുതലമുറയിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
വിദ്യാർഥികൾക്കായുള്ള മത്സരം മൂന്നു ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ഇന്നുമുതൽ ആഗസ്റ്റ് 10 വരെയാണ് ആദ്യഘട്ടമായ എൻട്രി റൗണ്ട്. ഇതിന്റെ ഭാഗമായി ഈ 10 ദിവസങ്ങളിലും ‘മാധ്യമം’ ദിനപത്രത്തിലും സോഷ്യൽ മീഡിയ പേജുകളിലും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഓരോ ചോദ്യങ്ങൾ വീതം പ്രസിദ്ധീകരിക്കും. ഏതെങ്കിലും ഒരു ദിവസത്തെ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകുന്ന മത്സരാർഥികൾക്ക് വാട്സാപ് ലിങ്ക് വഴി ഓൺലൈൻ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും.
ഓൺലൈൻ ക്വിസിൽ മികവ് പുലർത്തുന്നവർക്കായി രണ്ടാം ഘട്ടമത്സരമായി ഓൺലൈനായിതന്നെ സെമി ഫൈനലും സംഘടിപ്പിക്കും. സെമി ഫൈനലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 വിദ്യാർഥികളാണ് അവസാന റൗണ്ടിലേക്ക് യോഗ്യത നേടുക. ഈ 10 പേരാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ ഗ്രാൻഡ് മാസ്റ്ററുടെ ചോദ്യശരങ്ങളെ നേരിടുക.
ആകർഷക സമ്മാനങ്ങളാണ് വിജ്ഞാനപ്പോരാട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഏഴു മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്കാണ് മുൻഗണന. ലുലു കണക്ട്, ആംകോസ്, ജെയ്ൻ യൂനിവേഴ്സിറ്റി, ഓർബിസ് ക്രിയേറ്റിവ്സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ‘ഫ്രീഡം ക്വിസ്’ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ www.madhyamam.com/quiz-ind സന്ദർശിക്കുകയോ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

