കരാറുകാർക്ക് ‘തൊഴിലുറപ്പിക്കാൻ’ സർക്കാർ
text_fieldsകോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വൻ തിരിച്ചടി നൽകുന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. സ്ത്രീകളടക്കം നിർധന തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച്, തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിക്കേണ്ട തുക റോഡുകൾ അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾക്ക് ഉപയോഗപ്പെടുത്താനാണ് ഉത്തരവ്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട പണം നിർമാണ പ്രവൃത്തികൾക്കായി വകമാറ്റുന്നതായി ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ ഉത്തരവ്.
ഓരോ ഗ്രാമപഞ്ചായത്തും ഭൗതിക ആസ്തി നിർമാണത്തിന് വകയിരുത്തുന്ന 40 ശതമാനം തുകയിൽ 30 ശതമാനം നിർബന്ധമായും കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് മുതലായ വ്യക്തിഗത ആസ്തികൾ നിർമിക്കുന്നതിനും 10 ശതമാനം തുക റോഡുകൾക്കുവേണ്ടിയും വിനിയോഗിക്കാം എന്നായിരുന്നു നിലവിലെ രീതി. പുതിയ ഉത്തരവുപ്രകാരം 30 ശതമാനം റോഡ് പ്രവൃത്തിക്കും 10 ശതമാനം മാത്രം വ്യക്തിഗത ആസ്തിനിർമാണത്തിനുമാണ് വിനിയോഗിക്കേണ്ടത്. തദ്ദേശതെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് ഗ്രാമപഞ്ചായത്തുകളിൽ റോഡ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ വ്യാപകമായി പുതിയ ഉത്തരവിനെ മറയാക്കുകയാണ്.
ഈ രീതി തൊഴിലുറപ്പ് തൊഴിലാളികളെയാണ് സാരമായി ബാധിക്കുക. തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്നതായി കാണിച്ച് കരാറുകാരാണ് റോഡ് പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട ദിവസവേതനം ഇതുമൂലം കരാറുകാർക്കാണ് ലഭിക്കുക. മറ്റ് വരുമാനമാർഗമൊന്നുമില്ലാത്ത സ്ത്രീകൾക്ക് ഇത് വലിയ തിരിച്ചടിയാണ്.
റോഡ് പ്രവൃത്തികളിൽ തന്നെ അസംസ്കൃത വസ്തുക്കളുടെ വിതരണം മാത്രമേ വെണ്ടർമാരെ ഏൽപിക്കാവൂവെന്നും ജോലികൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർചെയ്ത വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് ചെയ്യണമെന്നുമാണ് നിയമം. എന്നാൽ, സംസ്ഥാനവ്യാപകമായി അസംസ്കൃത വസ്തുക്കളുടെ വിതരണവും പ്രവൃത്തികളുടെ നിർവഹണവും കരാറുകാരെ ഉപയോഗിച്ചാണ് ചെയ്യുന്നത്. പരിശോധന സംവിധാനങ്ങളുടെ കുറവുകാരണം വ്യാപക അഴിമതി നടക്കുന്നതായും ആരോപണമുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
കരാറുകാർക്ക് സൗകര്യമൊരുക്കി കൂടുതൽ റോഡ് പ്രവൃത്തി ചെയ്യിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ് എന്നാണ് ആരോപണം. അതേസമയം, ആകെ ചെലവിന്റെ 30 ശതമാനം തുകയാണോ മെറ്റീരിയൽ ചെലവിന്റെ 30 ശതമാനം തുകയാണോ റോഡ് നിർമാണ പ്രവൃത്തികൾക്ക് വിനിയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കിടയിൽ വ്യക്തത ആവശ്യമുള്ളതിനാലാണ് പുതിയ ഉത്തരവെന്നാണ് വ്യാഖ്യാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

