എല്ലാ കൗൺസിലർമാർക്കും ടാബ് വാങ്ങാൻ സർക്കാർ അനുമതിയായി
text_fieldsകോഴിക്കോട്: കൗൺസിലർമാർക്ക് ടാബ് അനുവദിക്കണമെന്ന കോർപറേഷൻ ആവശ്യം അംഗീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൗൺസിൽ യോഗത്തിലെ അജണ്ട വ്യക്തമായി വായിച്ചു മനസ്സിലാക്കാൻ വേണ്ടി എല്ലാവർക്കും ടാബ് അനുവദിക്കണമെന്ന് തദ്ദേശ വകുപ്പ് അദാലത്തിൽ കോർപറേഷൻ നികുതി അധ്യക്ഷൻ പി.കെ.നാസർ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് എല്ലാം ടാബ് വാങ്ങാൻ വായ്പ അനുവദിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്ഥിരം സമിതി അധ്യക്ഷന്റെ അപേക്ഷക്ക് അനുകൂലമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും കത്ത് നൽകിയിരുന്നു. അപേക്ഷ വിശദമായി പരിശോധിച്ച സർക്കാർ, അംഗങ്ങളുടെ ഹോണറേറിയത്തിൽ നിന്ന് പണം ഈടാക്കും വിധം വായ്പ നൽകാനാണ് തീരുമാനിച്ചത്. അംഗങ്ങളുടെ കാലാവധി കഴിയുന്നതിനകം പണം പിരിച്ചെടുക്കാനാവും വിധമാണ് മാസ തിരിച്ചടവ് നിശ്ചയിക്കുക. മൊത്തം തുകയുടെ 50 ശതമാനത്തിൽ കവിയാത്ത വിധമാണ് ഗഡു നിശ്ചയിക്കുക. വായ്പ ഉപയോഗിച്ച് തന്നെയാണ് ടാബ് വാങ്ങിയതെന്ന് ഉറപ്പ് വരുത്തണമെന്ന വ്യവസ്ഥയിലാണ് പണം നൽകേണ്ടത്. കൗൺസിൽ അജണ്ടകൾ അച്ചടിച്ച് നൽകുകയായിരുന്നു പതിവ്. ഏതാനും വർഷങ്ങളായി അജണ്ട മൊബൈൽ ഫോണിൽ വാട്സ് ആപ് വഴിയും മറ്റും നൽകാനും തുടങ്ങിയിരുന്നു.
മൊബൈൽ ഫോണിൽ നിരവധി പേജുകളുള്ള അജണ്ട വായിച്ച് തീർക്കാൻ ബുദ്ധിമുട്ടാവുന്നതായി നേരത്തേ പരാതിയുയർന്നിരുന്നു. ഇതു കൂടി പരിഗണിച്ചാണ് വലിയ സ്ക്രീനിൽ വായിക്കാൻ ടാബ് വേണമെന്ന ആവശ്യമുയർന്നത്. കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിൽ സർക്കാർ ടാബ് നൽകാൻ അനുമതി നൽകിയ കാര്യം അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമാക്കിക്കൊണ്ട് ഇത് സംബന്ധിച്ച് സർക്കാർ അന്തിമ ഉത്തവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

