ഗൂഗിൾ മാപ് ചതിച്ചു; കോഴിക്കോട് പരപ്പിൽ സ്കൂളിലേക്കുപോയ പരീക്ഷാർഥികൾ എത്തിയത് മുക്കം പരപ്പിൽ
text_fieldsകോഴിക്കോട്: ഗൂഗിൾ മാപ്പ് നോക്കി നഗരത്തിലെ പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലേക്കുപോയ പരീക്ഷാർഥികൾ എത്തിയത് മുക്കത്ത്. എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ എന്ന ഗൂഗിൾ ലൊക്കേഷൻ പ്രകാരം എത്തിയത് മുക്കത്തെ പരപ്പിൽ എന്ന സ്ഥലത്തായിരുന്നു.
ഞായറാഴ്ച നടന്ന സെറ്റ് പരീക്ഷക്കുപോയ ഉദ്യോഗാർഥികളാണ് ഗൂഗ്ളിന്റെ ചതിയിൽപെട്ടത്. അശോകപുരത്ത് താമസിക്കുന്ന വയനാട് സ്വദേശിനി മായ ഇരുചക്രവാഹനത്തിൽ മുക്കത്തെത്തി തിരിച്ച് കോഴിക്കോട് പരപ്പിൽ എത്തിയപ്പോഴേക്കും പരീക്ഷാഹാളിലേക്കുള്ള പ്രവേശന സമയം കഴിഞ്ഞിരുന്നു.
പത്തു മണിക്കായിരുന്നു പരീക്ഷ. 10.04 ന് എത്തിയപ്പോൾ അധികൃതർ അനുമതി നൽകിയില്ലെന്ന് മായ പറഞ്ഞു. തന്നെപ്പോലെ പത്തോളം പേർക്ക് ഈ സമയം പരീക്ഷയെഴുതാനാവാതെ തിരിച്ചുപോരേണ്ടി വന്നുവെന്ന് മായ പറഞ്ഞു. മുക്കത്തെ ഒരു വീട്ടിന് മുന്നിലാണ് ഗൂഗ്ൾ മാപ്പ് പ്രകാരം എത്തിയത്. ഇങ്ങനെ വഴിതെറ്റിയെത്തൽ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

