അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് പണം നൽകി, അഹമ്മദ് തിരികെ നൽകിയത് പൊന്നും, സ്നേഹവും
text_fieldsസി.ടി. അഹമ്മദ് നൽകിയ സ്വർണം ഉസ്താദ് മുഹ്യിദ്ദീൻ ബാഖവി ആക്കോട് പെൺകുട്ടിക്ക് കൈമാറുന്നു
പാഴൂർ: അനാഥ പെൺകുട്ടിയുടെ വിവാഹത്തിനായി 12 വർഷം മുമ്പ് നാട്ടുകാർ ഏൽപിച്ച തുക സ്വർണമായി തിരികെനൽകി മഹനീയ മാതൃക. പാഴൂരിലെ മുൻ കച്ചവടക്കാരനായ സൂപ്പർ സ്റ്റോർ ഉടമ സി.ടി. അഹമ്മദാണ് മാതൃക കാട്ടിയത്. 2011 മാർച്ച് ഒന്നിന് മണ്ണിൽ മമ്മദിന്റെ പെൺമക്കൾക്കായി നാട്ടുകാർ സ്വരുക്കൂട്ടിയ പണത്തിൽനിന്ന് മൂത്തമകൾക്കായി ഒരുലക്ഷം രൂപ കമ്മിറ്റിക്കാർ മാറ്റിവെച്ചിരുന്നു.
ഈ തുക കച്ചവടക്കാരനായ സി.ടി. അഹമ്മദിനെയാണ് ഏൽപിച്ചത്. അന്ന് ഏഴു പവൻ സ്വർണം വാങ്ങിക്കാവുന്ന തുകയായ ഒരു ലക്ഷം രൂപയാണ് കൈമാറിയത്. വിവാഹ സമയത്ത് തിരികെനൽകുന്ന അവസരത്തിൽ സ്വർണത്തിന് എത്ര വില കൂടിയാലും ഏഴു പവൻ സ്വർണം തിരികെ തരുമെന്നായിരുന്നു സി.ടിയുടെ കരാർ. പുറമെ ഒരു പവൻകൂടി ദാനമായി നൽകുമെന്നും വാഗ്ദാനം നൽകി.
വർഷങ്ങൾ കടന്നുപോയപ്പോൾ സ്വർണവില കുതിച്ച് പാരമ്യത്തിലെത്തുകയും കൈപ്പിടിയിലൊതുങ്ങാതെയാവുകയും ചെയ്തെങ്കിലും ഇദ്ദേഹം വാക്കുപാലിച്ചു. അദ്ദേഹം ഉറപ്പുനൽകിയ പ്രകാരം ഓരോ പവൻ വരുന്ന ഏഴു സ്വർണനാണയങ്ങളും അതോടൊപ്പം വാഗ്ദത്തം ചെയ്ത ഒരു സ്വർണനാണയവും കമ്മിറ്റിക്കാരെ ഏൽപിച്ചു.സ്വർണവില കുതിച്ച് പവന് 43,000 കടന്നെങ്കിലും തന്റെ വാക്കുപാലിച്ച സി.ടി. അഹമ്മദിനെ നാട്ടുകാർ അനുമോദിച്ചു.
ഈ വർഷം ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്ന സി.ടി. അഹമ്മദ് അതിനുമുമ്പ് ഇടപാടുകൾ തീർക്കുന്നതിനാണ് സ്വർണം കൈമാറിയത്. മുന്നൂര് മഹല്ല് മുൻ ഖാദി ഉസ്താദ് മുഹ്യിദ്ദീൻ ബാഖവി ആക്കോടിന്റെ പ്രാർഥനനിർഭരമായ സാന്നിധ്യത്തിലാണ് സ്വർണം പെൺകുട്ടിയെ ഏൽപിച്ചത്. ബാഖവി സ്വർണം പെൺകുട്ടിക്ക് കൈമാറി. പാഴൂർ മസ്ജിദു ലത്വീഫ ഇമാം നജീബ് നിലമ്പൂർ സംസാരിച്ചു. എം.കെ.സി. സലാം, സി.കെ. ഉസ്മാൻ, പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് സ്വാഗതവും ജലീൽ പാഴൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

