ഗിരീഷ് കൈത്താങ്ങായത് മൂന്ന് ജീവനുകൾക്ക്
text_fieldsഗിരീഷ്, യുവതിയും കുട്ടികളും മുങ്ങിപ്പോയ കടവ്
കടന്തറപ്പുഴയിൽ മുങ്ങിപ്പോയ യുവതിയെയും ബന്ധുവായ രണ്ട് കുട്ടികളെയുമാണ് രക്ഷിച്ചത്
കുറ്റ്യാടി: പശുക്കടവിനടുത്ത കടന്തറപ്പുഴയിൽ മുങ്ങിത്താണ യുവതിക്കും ബന്ധുക്കളായ രണ്ട് കുട്ടികൾക്കും രക്ഷകനായി നാട്ടുകാരനായ കൊല്ലിയിൽ ഗിരീഷ്. കഴിഞ്ഞദിവസം രാവിലെ പത്തിനാണ് സെന്റർമുക്ക് അങ്ങാടിക്കടുത്ത ഭജനമഠത്തിന് സമീപം കടവിൽ നാട്ടുകാരിയായ യുവതിയും രണ്ട് കുട്ടികളും കുളിക്കാൻ എത്തിയത്.
യുവതി അലക്കുന്നതിനിടയിൽ പുഴയിൽ ഇറങ്ങിയ കുട്ടികളിൽ എട്ടുവയസുള്ള ആൺകുട്ടി പാറക്കയത്തിൽ മുങ്ങി താണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ പത്തുവയസുകാരിയായ സഹോദരിയും മുങ്ങിപ്പോയി. ഇതോടെ വെള്ളത്തിൽ ചാടിയ യുവതിയും അപകടത്തിൽപ്പെട്ടു.
യുവതിയുടെ അലമുറ കേട്ട് കടവിനു മേൽഭാഗത്തു നിന്ന് കുളിക്കുകയായിരുന്ന ഗിരീഷ് പുഴയിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ പാഞ്ഞെത്തി യുവതിയെ മുടിയിൽ പിടിച്ച് കരക്കുകയററി. തുടർന്ന് പെൺകുട്ടിയെയും കരക്കെത്തിച്ചു.
അപ്പോഴാണ് ആൺകുട്ടി കൂടിയുണ്ടെന്ന് തന്നോട് പറഞ്ഞതെന്ന് ഗിരീഷ് പറഞ്ഞു. ആണ്ടുപോയ അവനെ മുങ്ങിയാണ് എടുത്തത്. അവന് പ്രഥമ ശുശ്രുഷ കൊടുത്ത് ഉള്ളിൽ കയറിയ വെള്ളം പുറത്തേക്കൊഴുക്കി. സെന്റർമുക്കിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന ഗിരീഷ് ഭാര്യയേയും കൂട്ടി പുഴയിൽ പോയതായിരുന്നു. താഴെ കടവിൽ യുവതിയും കുട്ടികളും ഉള്ളതിനാൽ മേലെ കടവിലാണ് ഗിരീഷ് കുളിക്കാൻ ഇറങ്ങിയത്.
തിക്കോടിയിലെ ബന്ധുക്കളായ കുട്ടികൾ യുവതിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. സ്കൂളടച്ചതോടെ ദൂരദിക്കുകളിൽ നിന്നുപോലും കുട്ടികൾ കടന്തറപ്പുഴയിൽ കുളിക്കാൻ വരുന്നുണ്ടെന്നും പലർക്കും പാറക്കെട്ടുള്ള പുഴയിലെ കയങ്ങളെ കുറിച്ച വിവരം ഇല്ലെന്നും ഗിരീഷ് പറഞ്ഞു.
കഴിഞ്ഞ മാസം 26ന് കുളിക്കാനെതതിയ ആറംഗ സംഘത്തിൽ പെട്ട കുറ്റ്യാടി ഊരത്തെ പ്ലസ്ടു വിദ്യാർഥി ഷാഹുൽരാജ് മരിച്ചിരുന്നു. ഏതാനും വർഷം മുമ്പ് ആറ് യുവാക്കൾ ഈ പുഴയിലെ മറ്റൊരു കടവിൽ മുങ്ങിമരിച്ചിരുന്നു. നാദാപുരം പുളയാവിൽ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ച വാർത്ത വന്ന ശനിയാഴ്ചയും കടന്തറപ്പുഴയൽ നിരവധി കുട്ടികൾ കുളിക്കാനെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

