Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:38 AM IST Updated On
date_range 23 Jun 2022 5:38 AM ISTggggggggg
text_fieldsbookmark_border
IMPORTANT അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ: 'കള്ളൻ കപ്പലിൽ തന്നെ' blurb: കോർപറേഷൻ അഴിമതിയിൽ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധം കോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും മോഷ്ടിച്ച് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയെന്നാരോപിച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ കൺവെൻഷനിൽ കോർപറേഷൻ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധം. ജീവനക്കാരെ ബലിയാടാക്കിക്കൊണ്ട് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ എങ്ങനെയാണ് സെക്രട്ടറിക്ക് ഒപ്പിടാൻ കഴിഞ്ഞത് എന്ന ചോദ്യമുയർന്നു. മുൻവിധിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ ആറു മാസം മുൻപ് നൽകിയ പരാതിയിൽ എന്തുകൊണ്ടാണ് സെക്രട്ടറി നടപടിയെടുക്കാതിരുന്നത്? പരാതി പൊലീസിൽ നൽകി അന്വേഷിക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്ന സെക്രട്ടറി ഇക്കാര്യം പൂഴ്ത്തിവെച്ചത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കമാക്കണം. സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും പലതവണ ലോഗിൻ ചെയ്തിട്ടുണ്ട്. ഇത് സെക്രട്ടറിയുടെ അറിവോടെയാകണമെന്ന് നിർബന്ധമില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. ജീവനക്കാരുടെ വിശദീകരണം കേൾക്കാൻ പോലും തയറാകാതെയായിരുന്നു സസ്പെൻഷൻ. മെയ് 31, ജൂൺ 1 എന്നീ ദിവസങ്ങളിൽ ലോഗിൻ നടന്നെന്ന് പറയുന്ന ലാപ്ടോപ് മൂന്നാംതിയതി ഐ.കെ.എം ഓഫിസിൽ കൊണ്ടുവന്നതായും പിന്നീട് അതിൽ തിരിമറി നടന്നുവെന്നും ആരോപണമുണ്ട്. അഴിമതിയിൽ പങ്കുള്ള ഐ.കെ.എം ഉദ്യോഗസ്ഥരെ നിലനിറുത്തി ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്ന ഗുരുതര ആരോപണവും കൺവെൻഷനിൽ ഉയർന്നു. സാങ്കേതിക വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന സംഘടന നേതാക്കളുടെ അഭ്യർഥനയും സെക്രട്ടറി ചെവികൊണ്ടില്ല. സെക്രട്ടറിയെ മാറ്റിനിറുത്തിവേണം അന്വേഷണം നടത്താനെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കള്ളൻ കപ്പലിൽ തന്നെയുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ആരായാലും അവർ മുന്നോട്ടുവരണം. അഴിമതിക്കാർക്ക് ഒന്നോ രണ്ടോ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ജീവനക്കാരുടെ പക്കൽ സഹപ്രവർത്തകരുടെ പാസ് വേഡുണ്ട്. വിശ്വാസത്തിന്‍റെ പുറത്താണ് പാസ് വേഡ് നൽകിയിട്ടുണ്ടാകുക. അത് ദുരുപയോഗം ചെയ്യുമെന്ന് കരുതിയിട്ടല്ല. അഴിമതിക്ക് കൂട്ടുനിന്നവർ ആരായാലും അവർ സ്വമേധയാ സംഘടന നേതാക്കളുമായി ബന്ധപ്പെടണം. ഇല്ലെങ്കിൽ അവരെ കൈയോടെ പിടികൂടും. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ നിർമിച്ചത്. സർവത്ര അബദ്ധമാണ് സോഫ്റ്റ്വെയറെന്ന് ഇൻസ്റ്റാൾ ചെയ്ത അന്നുമുതൽ ജീവനക്കാർ പരാതിപറയുന്നുണ്ടെങ്കിലും ഒരു പരിഹാരവും നിർദേശിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയറിന്‍റെ പോരായ്മ മുതലാക്കിയാണ് അഴിമതി നടന്നിട്ടുള്ളത്. ഐ.കെ.എം എല്ലാവർക്കും നൽകുന്ന പാസ്വേഡ് 'പ്ലാൻ 123' എന്നാണ്. ഐ.കെ.എം ടെക്നിക്കൽ ജീവനക്കാർക്ക് എല്ലാവരുടേയും പാസ് വേഡുകൾ അറിയാം. ഈ സാഹചര്യത്തിൽ അവരെക്കൂടി മാറ്റിനിറുത്തിവേണം അന്വേഷണം നടത്താനെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കോർപറേഷൻ ഉദ്യോഗസ്ഥരുടെ സംഘടനകളായ കെ.എം.സി.എസ്.എ, കെ.എം.സി.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലെ ജീവനക്കാർ ഉച്ചവരെ ലീവെടുത്ത് പ്രതിഷേധിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ.ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മഹേന്ദ്രൻ സി. അധ്യക്ഷത വഹിച്ചു. വി.പി ഉണ്ണികൃഷ്ണൻ, മുസ്തഫ എൻ.പി, അനിൽകുമാർ ടി, ജിനേഷ് ടി.കെ, ഇനാമു റഹ്മാൻ ഇ, രജിത് സി.കെ തുടങ്ങിയവർ സംസാരിച്ചു. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംയുക്തസമരസമിതി അറിയിച്ചു. വ്യാഴാഴ്ച കോർപറേഷൻ ഓഫിസിൽ ജീവനക്കാർ പ്രകടനം നടത്തും. ഓഫിസിനുമുൻപിൽ പന്തൽ കെട്ടി സമരം നടത്താനും സംയുക്തസമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story