ജനറൽ സർജറി നിലച്ചു; വടകര ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsവടകര ഗവ. ജില്ല ആശുപത്രി അത്യാഹിത വിഭാഗം
വടകര: വടകര ജില്ല ആശുപത്രിയിൽ സർജനില്ല. ജനറൽ സർജറി നിലച്ചതിനാൽ രോഗികൾ വലയുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാർ വടകര ജില്ല ആശുപത്രിയെ കൈയൊഴിയുന്നത് പതിവാകുകയാണ്. ഒടുവിൽ സർജനും സ്ഥലംമാറിപ്പോയതോടെ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.
രണ്ട് സർജന്മാരുണ്ടായിരുന്ന ആശുപത്രിയിലെ ഒരു ഡോക്ടർ പ്രമോഷന്റെ ഭാഗമായി ബീച്ച് ആശുപത്രിയിലേക്ക് മാറിപ്പോയിരുന്നു. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ഇയാൾക്ക് ആഴ്ചയിൽ രണ്ടുദിവസം വടകരയിൽ ചാർജ് നൽകിയെങ്കിലും പിന്നീട് ഒഴിവാക്കി. സ്ഥിരമായുണ്ടായിരുന്ന സർജൻ കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയത്. ഇതോടെ ആശുപത്രിയിൽ ജനറൽ സർജറി നിലക്കുകയായിരുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ ജനറൽ സർജറി നിലച്ചതോടെ പാവപ്പെട്ട രോഗികൾ ദുരിതത്തിലാണ്. ജില്ല ആശുപത്രിയാക്കി ഉയർത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ രോഗികൾ വട്ടംകറങ്ങുന്ന അവസ്ഥയാണുള്ളത്. ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല മറ്റ് ഡോക്ടർമാർക്ക് നൽകുന്നതിനാൽ രോഗികളെ പരിചരിക്കലും ഭരണനിർവഹണവും ഒരേസമയം നിർവഹിക്കേണ്ട സ്ഥിതിയാണുള്ളത്. ക്ലീനിങ് ജീവനക്കാർ മുതൽ നഴ്സുമാർ വരെയുള്ളവരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ തസ്തിക അനുവദിക്കാത്തതിനാൽ കാർഡിയോളജി ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

