ഗസ്സ പ്രതിരോധത്തിന്റെ പ്രതീകമായി മാറണം -കെ.ഇ.എൻ
text_fieldsപുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച, ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിക്കുന്നു
കോഴിക്കോട്: ലോകമാകെ പ്രതിരോധത്തിന്റെ പ്രതീകമായി ഗസ്സ മാറണമെന്നും പ്രതിഷേധങ്ങളെല്ലാം ഹീബ്രു ഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്നും കെ.ഇ.എൻ. ഇസ്രായേൽ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സെമിനാറുകളിൽ ഒതുങ്ങാൻ പാടില്ല. നാടെമ്പാടും ഗസ്സ കോർണറുകൾ ഉണ്ടാകണം.
ഗസ്സയുടെ പേരിൽ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും തൊട്ട് പലചരക്ക് കടകൾ വരെ ഉണ്ടാകണം. ഇത് സയണിസ്റ്റുകൾ അറിയുകയും വേണം. അവർ അറിയണമെങ്കിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രതിരോധങ്ങൾ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തണം. സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പ്രതിഷേധങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഇടപെടലുകൾ ഏകീകരിക്കപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ പരിമിതി. ഒരു ജനത ഒന്നാകെ തുടച്ചുനീക്കപ്പെടുമ്പോൾ ഇസ്രായേൽ എംബസികളിലേക്ക് ഒരു മാർച്ച് പോലും സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സംഘടിത തൊഴിലാളി, കർഷക പ്രസ്ഥാനങ്ങൾ അത്തരത്തിൽ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയാണെങ്കിൽ അതിന് തീർച്ചയായും ഫലമുണ്ടാകും. സാമ്രാജ്യത്വത്തിന്റെ ശക്തിയെന്നാൽ മൂലധനത്തിന്റെ ശക്തിയാണ്. അതിൽ ചെറിയ കുറവ് വരുമ്പോൾ തന്നെ അവർ വലിയ തോതിൽ പരിഭ്രാന്തരാകുമെന്നും കെ.ഇ.എൻ കൂട്ടിച്ചേർത്തു.
എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. മിനി പ്രസാദ്, ഡോ. പി.പി. അബ്ദുൽ റസാഖ്, ഡോ. യു. ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു. ഫലസ്തീനും ഗസ്സയും സയണിസവും പ്രമേയമായ കവിത ആലാപനവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

