Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാ​ട്ടു​പോ​ത്ത്...

കാ​ട്ടു​പോ​ത്ത് ഭീ​തി​യി​ൽ വി​ല​ങ്ങാ​ട്; മ​ല​യോ​ര​ത്ത് ജ​ന​രോ​ഷം പു​ക​യു​ന്നു

text_fields
bookmark_border
കാ​ട്ടു​പോ​ത്ത് ഭീ​തി​യി​ൽ വി​ല​ങ്ങാ​ട്; മ​ല​യോ​ര​ത്ത് ജ​ന​രോ​ഷം പു​ക​യു​ന്നു
cancel
camera_alt

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിൽകുമാറിന്റെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നാട്ടുകാർ

നാദാപുരം: കൃഷിയിടത്തിൽവെച്ച് യുവാവിനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തിൽ വിലങ്ങാട് മലയോര മേഖലയിൽ ഭീതിയും പ്രതിഷേധവും പുകയുന്നു. വായാട് മലയിൽ മാസങ്ങളായി തമ്പടിച്ച കാട്ടുപോത്തുകളിലൊന്നിന്റെ ആക്രമണത്തിലാണ് വായാട് കോളനിയിലെ സുനിൽ കൊല്ലപ്പെട്ടത്. വനനിയമങ്ങളിലെ അശാസ്ത്രീയതയാണ് വന്യമൃഗശല്യം രൂക്ഷമാക്കുന്നതെന്നും നിയമത്തിൽ കാലോചിതമായ പരിഷ്കാരം വരുത്തി മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്ക് കടക്കാൻ പോലുമാകാത്ത സാഹചര്യമായതിനാൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. അപകടകാരികളായ വന്യമൃഗങ്ങളെ നേരിടാനുള്ള അധികാരം ജനങ്ങൾക്ക് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് നാട്ടുകാർ

യുവാവിന്റെ മരണത്തിനിടയാക്കിയ കാട്ടുപോത്തിനെ അടിയന്തരമായി വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് തയാറാകണമെന്ന് കെ.എം. അഭിജിത് എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ശനിയാഴ്ച അർധരാത്രി വരെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറെ (ഡി.എഫ്.ഒ) നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു.

സുനിലിന്റെ സംസ്കാരം നടന്നു; അന്ത്യാഞ്ജലി അർപ്പിച്ച് വൻ ജനാവലി

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. എം.എൽ.എ കെ.എം. അഭിജിത്, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് സുബിത, വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. നവാസ്, വാർഡ് മെംബർമാരായ ലൗലി, സെബി സെബാസ്റ്റ്യൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, കെ.പി. രാജീവൻ, രാജു അലക്സ്, വടകര തഹസിൽദാർ പ്രജീഷ് കുമാർ, ആർ.ഡി.ഒ പ്രസിൽ, നാദാപുരം ഡിവൈ.എസ്.പി തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

സുനിലിന്റെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് വടകര ആർ.ഡി.ഒ പ്രസിലും കെ.എം. അഭിജിത് എം.എൽ.എയും അറിയിച്ചു. ഇതിൽ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറാനുള്ള അടിയന്തര നടപടികൾ പൂർത്തിയായി. ശേഷിക്കുന്ന തുക നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ കൈമാറും. സുനിലിന്റെ മകളുടെ വിദ്യാഭ്യാസച്ചെലവുകൾ സർക്കാർ അല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി ഏറ്റെടുക്കുമെന്നും അധികൃതർ അറിയിച്ചു.

എങ്ങുമെത്താതെ സോളാർ ഫെൻസിങ്

വയനാട് വനാതിർത്തിയായ വായാട് മലയിൽ അഞ്ച് വർഷം മുമ്പ് 20 കിലോമീറ്റർ നീളത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ കരാർ നൽകിയിരുന്നെങ്കിലും ഇതുവരെ പൂർത്തിയായത് അഞ്ച് കിലോമീറ്റർ മാത്രമാണ്. ശേഷിക്കുന്ന 15 കിലോമീറ്റർ നിർമാണം തുടങ്ങിയിട്ടില്ല.

നിർമാണം പൂർത്തിയായ ഭാഗങ്ങളാകട്ടെ ഗുണനിലവാരമില്ലായ്മയും അശാസ്ത്രീയതയും കാരണം തകർന്ന നിലയിലാണ്. നിർമാണച്ചുമതലയുള്ള സ്വകാര്യ ഏജൻസി അറ്റകുറ്റപ്പണി നടത്താത്തതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

ആർ.ആർ.ടി സംഘത്തിനെതിരെ പ്രതിഷേധം

നാദാപുരം: കാട്ടുപോത്തിന്റെ സാന്നിധ്യം ഇപ്പോഴുമുള്ള വായാട് മലയിൽ ഞായറാഴ്ച ഏറെ വൈകിയും ദ്രുതകർമസേന (ആർ.ആർ.ടി) എത്താതിരുന്നതിൽ നാട്ടുകാർ കടുത്ത രോഷം പ്രകടിപ്പിച്ചു. വന്യമൃഗശല്യത്തെക്കുറിച്ച് പരാതിപ്പെടുമ്പോൾ ആർ.ആർ.ടി ഉദ്യോഗസ്ഥർ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വാർഡ് മെമ്പർ ലൗലി അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.

മാത്യുവും കുടുംബവും രക്ഷപ്പെട്ടത് സുനിൽ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ്

നാദാപുരം: വായാട് മലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ എന്ന യുവാവ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് സമീപത്തെ മറ്റൊരു കർഷകനായ മാത്യുവും കുടുംബവും സമാനമായ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞടുത്ത നടുക്കുന്ന ഓർമയിലാണ് മാത്യു ഇപ്പോഴും.

കവുങ്ങിന് തുരിശ് അടിക്കുന്ന ജോലികൾക്കായി ഭാര്യക്കും മകനുമൊപ്പമാണ് മാത്യു കൃഷിയിടത്തിൽ എത്തിയത്. ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കാട്ടുപോത്ത് കൃഷിയിടത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. ആക്രമണോത്സുകനായി പാഞ്ഞടുത്ത മൃഗത്തെ കണ്ട് മൂവരും ചിതറിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

പ്രാണരക്ഷാർഥമുള്ള നെട്ടോട്ടത്തിനിടയിൽ നിലത്തുവീണ് മാത്യുവിന്റെ ശരീരമാകെ ഗുരുതരമായി ചതവേറ്റു. കാട്ടുപോത്ത് കണ്ണിൽപെട്ട നിമിഷത്തെ ഭീതിയും വീഴ്ചയിലേറ്റ പരിക്കിന്റെ വേദനയും ഇപ്പോഴും മാറിയിട്ടില്ലെന്ന് മാത്യു പറഞ്ഞു. മേഖലയിൽ വന്യമൃഗശല്യം അതിഗുരുതരമായി തുടരുന്നതിന്റെ തെളിവാണ് ഈ സംഭവവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsWild Animal AttackKozhikkodkerala local newsGaur
News Summary - Gaur Menace Sparks Outrage and Fear in Vellarmala Hill
Next Story